കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ അവസാന മിനിറ്റിലെ ഗോളില്‍ വീഴ്ത്തി കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തെത്തി. പകരക്കാരനായി ഇറങ്ങിയ ബല്‍വന്ത് സിംഗ് ആണ് ഹെഡ്ഡര്‍ ഗോളിലൂടെ ഇഞ്ചുറി ടൈമില്‍ കൊല്‍ക്കത്തയ്ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്.

വിജയത്തോടെ 14 കളികളില്‍ 27 പോയന്റുമായി കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ എഫ്‌സി ഗോവയ്ക്കൊപ്പം ഒന്നാം സ്ഥാനത്താണ്. തോല്‍വിയോടെ 11 പോയന്റുമായി നോര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്ത് തുടരുന്നു. തുടക്കത്തിലെ ആക്രമണ നിമിഷങ്ങളൊഴിച്ചാല്‍ ഇരു ടീമും പതിഞ്ഞ കളി പുറത്തെടുത്തതോടെ മത്സരം വിരസമായി.

ഗോളടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത് കൊല്‍ക്കത്തയായിരുന്നെങ്കിലും അതെല്ലാം നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു.രണ്ടാം പകുതിയില്‍ മൈക്കല്‍ സൂസൈരാജിന്റെ ഗോളെന്നുറച്ച ഷോട്ട് മിസ്ലാവ് കോമോഴ്സി ഗോള്‍ ലൈന്‍ സേവിലൂടെ രക്ഷപ്പെടുത്തിയതോടെ കോല്‍ക്കത്തയുടെ ലീഡ് മോഹം തകര്‍ന്നു.

കളി സമനിലയെന്നുറപ്പിച്ചിരിക്കെയാണ് ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ബല്‍വന്ത് സിംഗ് ഹെര്‍ണാണ്ടസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റിന്റെ വലയിലേക്ക് പന്ത് ഹെഡ്ഡ് ചെയ്തു കയറ്റിയത്.