Asianet News MalayalamAsianet News Malayalam

മുംബൈയിലും ജയമില്ല; ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില കുരുക്ക്

സീസണിലെ മൂന്നാം സമനിലയോടെ പോയന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് തുടരുമ്പോള്‍ മുംബൈ ആറാം സ്ഥാനത്തേക്ക് കയറി.

ISL 2019-2020 Kerala Blsters share points with Mumbai City FC
Author
Mumbai, First Published Dec 5, 2019, 9:47 PM IST

മുംബൈ: ഐഎസ്എല്‍ സീസണിലെ രണ്ടാം ജയം തേടിയിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില മാത്രം. എവേ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ പൂട്ടിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 75-ാം മിനിറ്റില്‍ മെസ്സി ബൗളിയിലൂടെ ലീഡെടുത്ത ബ്ലാസ്റ്റേഴ്സിനെ രണ്ട് മിനിറ്റിനകം ചെര്‍മിറ്റിയുടെ ഗോളിലൂടെയാണ് മുംബൈ സമനിലയില്‍ തളച്ചത്.

സീസണിലെ മൂന്നാം സമനിലയോടെ പോയന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് തുടരുമ്പോള്‍ മുംബൈ ആറാം സ്ഥാനത്തേക്ക് കയറി. ഏഴ് കളികളില്‍ ഒരു ജയവും മൂന്ന് സമനിലയും മൂന്ന് തോല്‍വിയും അടക്കം ആറ് പോയന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.

ആദ്യ പകുതിയില്‍ ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ കെട്ടഴിച്ചുവെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. രണ്ടാം പകുതിയില്‍ മുംബൈ ആണ് കൂടുതല്‍ ആസൂത്രിതമായി കളിച്ചത്.  മുംബൈയുടെ ഗോളെന്നുറച്ച അരഡസന്‍ ഷോട്ടുകള്‍ പോസ്റ്റിന് താഴെ രഹ്നേഷിന്റെ മികവിലാണ് ബ്ലാസ്റ്റേഴ്സ് രക്ഷപ്പെടുത്തിയത്. കളിയുടെ ഗതിക്ക് വിപരീതമായി ബ്ലാസ്റ്റേഴ്സ് ആദ്യം ഗോളടിച്ചെങ്കിലും ലീഡിന് രണ്ട് മിനിറ്റിന്റെ ആയുസെ ഉണ്ടായിരുന്നുള്ളു.

ബ്ലാസ്‌റ്റേഴ്‌സ്‌ നിരയിൽ നായകൻ ബർതലോമിയോ ഒഗ്‌ബെച്ചെ ഇറങ്ങിയില്ല. റാഫേൽ മെസി ബൗളി മുന്നേറ്റത്തിൽനിന്നു. സെർജിയോ സിഡോഞ്ച, കെ പ്രശാന്ത്‌, സഹൽ അബ്‌ദുൾ സമദ്‌, സെയ്‌ത്യാസെൻ സിങ്‌, ജീക്‌സൺ സിങ്‌ എന്നിവർ മധ്യനിരയിൽ. പ്രതിരോധത്തിൽ വ്ലാട്‌കോ ഡ്രൊബറോവ്‌, ജെസെൽ കർണെയ്‌റോ, രാജു ഗെയ്‌ക്ക്‌വാദ്‌, മുഹമ്മദ്‌ റാകിപ്‌ എന്നിവർ. ഗോൾവലയ്‌ക്ക്‌ മുന്നിൽ ടി പി രെഹ്‌നേഷ്‌.

മുംബൈ സിറ്റിയുടെ മുൻനിരയിൽ അമിനെ ചെർമിറ്റി. മോദു സോഗുവായിരുന്നു മുന്നേറ്റത്തിൽ ചെർമിറ്റിയുടെ പങ്കാളി. മുഹമ്മദ്‌ ലാർബി, റെയ്‌നിയെർ ഫെർണാണ്ടസ്‌, പൗളോ മച്ചാഡോ, റൗളിൻ ബോർജസ്‌ എന്നിവരെത്തി. പ്രതീക്‌ ചൗധരി, മാറ്റോ ഗ്രിജിച്ച്‌, സുഭാശിഷ്‌ ബോസ്‌, സാർഥക്‌ ഗൊലുയി എന്നിവർ പ്രതിരോധത്തിൽനിന്നു. ഗോൾ കീപ്പർ അമരീന്ദർ സിങ്‌.

കളി തുടങ്ങി ആദ്യ നിമിഷംതന്നെ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളിന്‌ അടുത്തെത്തി. ജെസെൽ കർണെയ്‌റോയുടെ കോർണർ കിക്ക് ഗോൾ മുഖത്തേക്കെത്തിയെങ്കിലും കാര്യമുണ്ടായില്ല. പിന്നാലെ സിഡോഞ്ചയുടെ ഫ്രീകിക്ക്‌ ബാറിന്‌ മുകളിലൂടെ പറന്നു. സഹലും റാകിപും ചേർന്ന്‌ നടത്തിയ നീക്കം സാർഥക്‌ ഗൊലുയി തടഞ്ഞു. ബ്ലാസ്‌റ്റേഴ്‌സ്‌ നിരന്തരം മുംബൈ ഗോൾ മേഖലയിലേക്ക്‌ ആക്രമണം നടത്തി. മെസി ബൗളി മുംബൈ പ്രതിരോധത്തെ പരീക്ഷിച്ചു.

കളിയുടെ 19–-ാം മിനിറ്റിൽ മുംബൈ ഫോർവേഡ്‌ അമിനെ ചെർമിറ്റിയെ വീഴ്‌ത്തിയതിന്‌ പ്രതിരോധതാരം ഡ്രൊബറോവിന്‌ മഞ്ഞക്കാർഡ്‌ കിട്ടി. 24–-ാം മിനിറ്റിൽ മുംബൈയുടെ റെയ്‌നിയെർ ഫെർണാണ്ടസും മഞ്ഞക്കാർഡ്‌ കണ്ടു. സെയ്‌ത്യാസെനെ ഫൗൾ ചെയ്‌തതിനായിരുന്നു കാർഡ്‌. 25–-ാം മിനിറ്റിൽ ആരാധകരെ ആവേശത്തിലാഴ്‌ത്തിയ നീക്കമുണ്ടായി. സെയ്‌ത്യാസന്റെ ക്രോസിൽ മെസി ബൗളി ബോക്‌സിൽവച്ച്‌ സിസർ കട്ടിലൂടെ ഷോട്ട്‌ തൊടുത്തു. മുംബൈ ഗോൾ കീപ്പർ അമരീന്ദറിന്റെ തകർപ്പൻ സേവ്‌ ബൗളിയെ തടഞ്ഞപ്പോൾ ആരാധകർ തലയിൽ കൈവച്ചു.

33–-ാം മിനിറ്റിൽ കർണെയ്‌റോയുടെ പാസിൽ സെയ്‌ത്യാസെൻ ഷോട്ട്‌ പായിച്ചെങ്കിലും അമരീന്ദർ സേവ്‌ ചെയ്‌തു. മുംബൈയും ഇടയ്‌ക്ക്‌ മുന്നേറ്റം നടത്തി. മോദു സോഗുവിന്റെ കനത്ത അടി രെഹ്‌നേഷ്‌ തട്ടിയകറ്റി. 42–-ാം മിനിറ്റിലും സോഗുവിനെ രെഹ്‌നേഷ്‌ തടഞ്ഞു. ആദ്യപകുതി ഗോളില്ലാതെ അവസാനിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിൽ മെസി ബൗളിയുടെ ഗോളിലേക്കുള്ള നീക്കത്തെ മുംബൈ ഡിഫൻഡർ പ്രതീക്‌ ചൗധരി തടയിട്ടു. ഗോൾ കീപ്പർ ടി പി രെഹ്‌നേഷിന്റെ പ്രകടനങ്ങളായിരുന്നു തുടർന്നുള്ള നിമിഷങ്ങളിൽ മുംബൈയെ തടഞ്ഞത്‌. വലയ്‌ക്ക്‌ മുന്നിൽ ഒന്നാന്തരം പ്രകടനം രെഹ്‌നേഷ്‌ പുറത്തെടുത്തു. ബിപിൻ സിങ്ങിനെയും അമിനെ ചെർമിറ്റിയെയും വലയ്‌ക്കരിലേക്ക്‌ അടുപ്പിച്ചില്ല.

75–-ാം മിനിറ്റിൽ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. മെസി ബൗളിയിലൂടെ ബ്ലാസ്‌റ്റേഴ്‌സ്‌ മുന്നിൽ. ജീക്‌സൺ സിങ്ങിന്റെ അടി അമരീന്ദർ തട്ടിയകറ്റി. കർണെയ്‌റോയ്‌ക്കാണ്‌ കിട്ടിയത്‌. കർണെയ്‌റോയുടെ ക്രോസ്‌ ബോക്‌സിൽ മെസി ബൗളിക്ക്‌. മികച്ച ഷോട്ടായിരുന്നു മെസി ബൗളിയുടേത്‌. മുംബൈ പെട്ടെന്നുതന്നെ തിരിച്ചടിച്ചു. അപ്രതീക്ഷിത ആക്രമണമായിരുന്നു. ചെർമിറ്റിയുടെ ഷോട്ട്‌ രെഹ്‌നേഷിന്‌ പൂർണമായും കൈപ്പടിയിലൊതുക്കാനായില്ല. സമനില ഗോൾ വീണു. അവസാന നിമിഷങ്ങളിൽ പൊരുതിക്കളിച്ചെങ്കിലും വിജയഗോൾ നേടാനായില്ല. പതിമൂന്നിന്‌ ജംഷഡ്‌പൂർ എഫ്‌സിയുമായി ബ്ലാസ്‌റ്റേഴ്‌സ്‌ സ്വന്തം തട്ടകമായ കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കളിക്കും.

Follow Us:
Download App:
  • android
  • ios