ഹൈദരാബാദ്:ഐഎസ്എല്ലില തോല്‍വി തുടര്‍ക്കഥയാക്കി ഹൈദരാബാദ് എഫ് സി. ഒഡീഷ എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റ ഹൈദരാബാദ് ലീഗിലെ പത്താം തോല്‍വി വഴങ്ങിയപ്പോള്‍ ജയത്തോടെ ഒഡീഷ നാലാം സ്ഥാനവും പ്ലേ ഓഫ് സാധ്യതകളും സജീവമാക്കി. ജയമറിയാതെ പത്താം മത്സരമാണ് ഹൈദരാബാദ് പൂര്‍ത്തിയാക്കിയത്.

ആദ്യ മിനിറ്റില്‍ മാഴ്സലീഞ്ഞോയുടെ ഗോളില്‍ ലീഡ‍െടുത്ത ഹൈദരാബാദ് ഒഡീഷയെ ഞെട്ടിച്ചെങ്കിലും അരിഡെയ്ന്‍ സന്റാനയുടെ ഇരട്ടഗോളിലൂടെ ഒഡിഷ കളി സ്വന്തമാക്കി.

പതിനഞ്ചാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തിയ ഒഡിഷ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ സന്റാനയെ ഡിംപിള്‍ ഭഗത് പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് പെനല്‍റ്റി നേടിയെടുത്തു. കിക്ക് എടുത്ത സന്റാന ഒഡീഷയെ മുന്നിലെത്തിച്ചതിനൊപ്പം ചുവപ്പ് കാര്‍ഡ് വാങ്ങി ഡിംപിള്‍ ഭഗത് പുറത്തുപോയതോടെ പത്തുപേരുമായാണ് ഹൈദരാബാദ് രണ്ടാം പകുതിയില്‍ പൊരുതിയത്.

രണ്ടാം പകുതിയില്‍ ലീഡുയര്‍ത്താന്‍ ഒഡീഷക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ക്രോസ് ബാറും ഗോള്‍ കീപ്പര്‍ കമല്‍ജിത് സിംഗും ഒഡീഷക്ക് മുന്നില്‍ വിലങ്ങുതടിയായി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഹൈദരാബാദിന് സമനില ഗോളിനായി സുവര്‍ണാവസരം ലഭിച്ചെങ്കിലും ഒഡീഷ ഗോള്‍ കീപ്പര്‍ ഫ്രാന്‍സിസ്കോ ഡോരന്‍സോറെയുടെ കൈകളെ മറികടക്കാനായില്ല.