ഫത്തോ‍‍‍ഡ: ഐഎസ്എല്ലിൽ ഗോള്‍മഴയ്‌ക്ക് പേരുകേട്ട എഫ്‌സി ഗോവയ്‌ക്ക് ആദ്യ പ്രഹരം നല്‍കി ബെംഗളൂരു എഫ്‌സി. ഫത്തോഡ സ്റ്റേഡിയത്തില്‍ ആദ്യ പകുതിക്ക് പിരിഞ്ഞപ്പോള്‍ ബെംഗളൂരു 1-0ന് മുന്നിലാണ്. അരങ്ങേറ്റ മത്സരത്തില്‍ ബ്രസീലിയന്‍ താരം ക്ലെയ്റ്റൻ സില്‍വയാണ് ബെംഗളൂരുവിന് നിര്‍ണായക ലീഡ് സമ്മാനിച്ചത്. 

വമ്പന്‍ പോരാട്ടത്തില്‍ യുവാൻ ഫെറാൻഡോ പരിശീലിപ്പിക്കുന്ന ഗോവ 4-2-3-1 ശൈലിയിലും കാ‍ർലെസ് കോഡ്രാറ്റിന്‍റെ ബെംഗളൂരു 3-4-3 ഫോര്‍മേഷനിലുമാണ് ടീമിനെ ഇറക്കിയത്. ബെംഗളൂരു മലയാളി താരം ആഷിഖ് കുരുണിയന് ആദ്യ ഇലവനില്‍ അവസരം നല്‍കിയെന്നതും ശ്രദ്ധേയം. 

ഗോവയില്‍ സാംബ താളം

ഗോള്‍മഴ‌ക്ക് പേരുകേട്ട ഫത്തോഡ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രണ്ടാം മിനുറ്റില്‍ ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രി ബോക്‌സിന് പുറത്തുനിന്ന് ആദ്യ ഷോട്ടിന് ശ്രമിച്ചു. പിന്നീട് കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വച്ചത് ഗോവയാണെങ്കിലും കിട്ടിയ സുവര്‍ണാവസരം മുതലാക്കി ബെംഗളൂരു മുന്നിലെത്തുകയായിരുന്നു. 27-ാംമിനുറ്റില്‍ ലോംഗ് ത്രോയില്‍ നിന്ന് ലഭിച്ച പന്ത് ബ്രസീലിയന്‍ താരം ക്ലെയ്റ്റൻ സില്‍വ ഹെഡറിലൂടെ വലയിലെത്തിച്ചു