കൊല്‍ക്കത്ത: കൊവിഡ് കാലത്തെ ഐഎസ്എല്ലിന്റെ വിജയകരമായ നടത്തിപ്പ് ഇന്ത്യൻ കായികരംഗത്ത് നിലനിൽക്കുന്ന ഭയാശങ്കകൾ മാറ്റുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഐഎസ്എല്‍ ഏഴാം സീസണ്‍ ഇന്ന് തുടങ്ങാനിരിക്കേയാണ് ഗാംഗുലിയുടെ വാക്കുകള്‍. 

'കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യയിൽ നടക്കുന്ന ആദ്യ കായികമേളയാണ് ഐഎസ്എൽ. നേരത്തേ ഐപിഎൽ യുഎഇയിലെ വ്യത്യസ്ത വേദികളിലാണ് നടത്തിയത്. ഇന്ത്യൻ കായികമേഖലയിലെ നിർണായക ദിനങ്ങളാണ് വരുന്നത്. ബയോ-ബബിൾ സംവിധാനം ഇവിടെയും ഫലപ്രദമായി നടപ്പാക്കാൻ കഴിയുമെന്ന് ഐഎസ്എല്ലിലൂടെ വ്യക്തമാവും. ഇത് മറ്റ് കായിക ഇനങ്ങൾക്കും പ്രചോദനമാവും' എന്നും' എടികെ മോഹൻ ബഗാന്റെ സഹ ഉടമ കൂടിയായ ഗാംഗുലി പറഞ്ഞു. 

ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ച് ദാദ

ഐഎസ്എല്ലിന്‍റെ വഴിയേ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് സൗരവ് ഗാംഗുലി ഒക്‌ടോബറില്‍ വ്യക്തമാക്കിയിരുന്നു. 'ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ത്യ വേദിയാകും. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും ഇന്ത്യയില്‍ നടക്കും. ബയോ-ബബിള്‍ നടപ്പാക്കി രഞ്ജി ട്രോഫി മത്സരങ്ങളും സംഘടിപ്പിക്കും. നവംബറില്‍ ഐഎസ്‌എല്‍ മത്സരങ്ങള്‍ ഗോവയില്‍ ആരംഭിക്കുന്നത് സന്തോഷം നല്‍കുന്നു' എന്നുമായിരുന്നു ഇന്ത്യന്‍ മുന്‍ നായകന്‍ കൂടിയായ ദാദയുടെ വാക്കുകള്‍. 

ഐപിഎൽ താരലേലത്തിന് മുന്നോടിയായി ആഭ്യന്തര ട്വന്‍റി 20 ടൂർണമെന്‍റ് ആയ മുഷ്താഖ് അലി ടി20 ട്രോഫി നടത്താനു ബിസിസിഐ പദ്ധതിയിടുന്നുണ്ട്. കൂടുതല്‍ യുവ ഇന്ത്യൻ താരങ്ങൾക്ക് താരലേലത്തിൽ അവസരം കിട്ടാൻ സയ്യിദ് മുഷ്താഖ് അലി ട്രോഫി ജനുവരിയിൽ നടത്താനാണ് ബിസിസിഐയുടെ ആലോചന. സാധാരണ രഞ്ജി ട്രോഫി മത്സരങ്ങൾക്ക് ശേഷമാണ് മുഷ്താഖ് അലി ട്രോഫി നടക്കാറുള്ളത്. 

ഒന്നിലേറെ മത്സരവേദികളും സ്റ്റാർ ഹോട്ടൽ സൗകര്യവുമുള്ള നഗരങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ബിസിസിഐ സംസ്ഥാന അസോസിയേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹോട്ടലുകളിൽ ബയോ-ബബിൾ സാഹചര്യത്തിൽ മൂന്ന് ടീമിനെങ്കിലും കഴിയാനുള്ള സൗകര്യമാണ് പരിഗണിക്കുന്നത്. മുഷ്താഖ് അലി ട്രോഫിക്ക് മുന്നോടിയായി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ആറ് ടീമുകളുടെ ട്വന്‍റി 20 ടൂർണമെന്റ് നടത്തുന്നുണ്ട്. ബയോ-ബബിൾ സംവിധാനം വിജയകരമായി നടപ്പാക്കാൻ കഴിയുമോ എന്നറിയാനാണ് ഈ ടൂർണമെന്റ് നടത്തുന്നതെന്നാണ് സൂചന. 

ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത; രോഹിത് ശര്‍മ്മ പരിശീലനം പുനരാരംഭിച്ചു