കൊല്‍ക്കത്ത: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായിരുന്ന സന്ദേശ് ജിങ്കാന്‍ അടുത്ത ഐഎസ്എല്‍ സീസണില്‍ എടികെ മോഹന്‍ ബഗാന്‍റെ പ്രതിരോധകോട്ട കാക്കും. കൊല്‍ക്കത്ത വമ്പന്മാരുമായി ജിങ്കാന്‍ കരാറിലെത്തിയ കാര്യം ക്ലബ്ബ് ഇന്ന് ഔദ്യോഗികമായി പുറത്തുവിട്ടു. അഞ്ച് വര്‍ഷത്തേക്കാണ് എടികെ മോഹന്‍ ബഗാനുമായി ജിങ്കാന്‍ കരാറൊപ്പിട്ടത്.

നേരത്തെ ജിങ്കാന്‍ യൂറോപ്യന്‍ ക്ലബുകളിലേക്ക് കൂടുമാറിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ട് ഐഎസ്എല്ലില്‍ അരങ്ങേറ്റംകുറിക്കുന്ന എടികെ മോഹന്‍ ബഗാനിലേക്ക് ജിങ്കാന്‍ മാറാന്‍ തീരുമാനിക്കുകയായിരുന്നു. ജിങ്കാനുവേണ്ടി ബംഗലൂരു എഫ് സി, എഫ് സി ഗോവ, മുംബൈ സിറ്റി എഫ്‌സി, ഈസ്റ്റ് ബംഗാള്‍ എഫ് സി, ഒഡീഷ എഫ് സി എന്നീ ക്ലബ്ബുകളും ശക്തമായി രംഗത്തുണ്ടായിരുന്നു.

ഐഎസ്എല്‍ തുടക്ക സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്നു ജിങ്കാന്‍. ഈ വര്‍ഷം മെയിലാണ് പ്രതിരോധതാരമായ ജിങ്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. ആറ് വര്‍ഷം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച ശേഷമാണ് ജിങ്കാന്‍ ക്ലബുമായി പിരിയാന്‍ തീരുമാനിച്ചത്. ഇതിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ താരമായി ജിങ്കാന്‍ മാറിയിരുന്നു.

2014ല്‍ ഐഎസ്എല്ലിലെ എമേര്‍ജിംഗ് പ്ലെയറായിരുന്നു ജിങ്കാന്‍. തുടര്‍ന്നുള്ള സീസണുകളിലും മികച്ച പ്രകടനം പുറത്തെടുത്തു താരം ഇന്ത്യന്‍ ടീമിലും നിര്‍ണായക സാന്നിധ്യമായി. ഈവര്‍ഷം അദ്ദേഹം അര്‍ജുന അവാര്‍ഡും സ്വന്തമാക്കി.