പനജി: ചെന്നൈയിലേറ്റ തോല്‍വിക്ക് ഗോവയില്‍ അതേ നാണയത്തില്‍ മറുപടി നല്‍കിയിട്ടും ചെന്നൈയിന്റെ ഇരട്ട പ്രഹരത്തില്‍ ഗോവ ഐഎസ്എല്‍ ഫൈനല്‍ കാണാതെ പുറത്ത്. രണ്ടിനെതിരെ നാലു ഗോളിന് ജയിച്ചെങ്കിലും ചെന്നൈയില്‍ 4-1നേറ്റ തോല്‍വി ഗോവയുടെ വിധിയെഴുതി. ഇരുപാദങ്ങളിലുമായി(6-5)നാണ് ചെന്നൈയിന്റെ വിജയം.

ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡെടുത്ത് ചെന്നൈയിലേറ്റ തോല്‍വിക്ക് ഗോവ കണക്കുതീര്‍ക്കുമെന്ന് കരുതിയെങ്കിലും രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ രണ്ട് ഗോളുകള്‍ നേടി കളി സമനിലയാക്കി. ഒപ്പം രണ്ട് എവേ ഗോളിന്റെ ആനുകൂല്യം കൂടിയായതോടെ ചെന്നൈയിന്‍ ഫൈനലിലേക്ക് കാലെടുത്തവെച്ചു.

എന്നാല്‍ രണ്ടാം പകുതിയുടെ അവസാനവും ഇഞ്ചുറി ടൈമിലും രണ്ട് ഗോള്‍ കൂടി നേടി ഗോവ തിരിച്ചടിച്ചെങ്കിലും ചെന്നൈയിന്റെ രണ്ട് ഗോള്‍ കടം മറികടക്കാന്‍ അത് തികയാതെ വന്നു. ഇരുപാദങ്ങളിലുമായി(5-6) സ്കോറിനാണ് ചെന്നൈയിന്‍ ഗോവയെ വീഴ്ത്തി ഫൈനലിലെത്തിയത്.

പത്താം മിനിറ്റില്‍ ചെന്നൈയിന്റെ ലൂഷിയന്‍ ഗോയിന്റെ സെല്‍ഫ് ഗോളിലാണ് ഗോവ ആദ്യം മുന്നിലെത്തിയത്. മൗര്‍താദാ ഫാള്‍ 21-ാം മിനിറ്റില്‍ ഗോവയുടെ രണ്ടാം ഗോള്‍ നേടി. എന്നാല്‍ അതിനുശേഷം ഗോളിലേക്ക് ലക്ഷ്യം വെക്കാന്‍ ഗോവക്കായില്ല. ഇടവേളക്കു ശേഷം 52-ാം മിനിറ്റില്‍ ലാലിയാന്‍സുവാല ചാങ്തെയിലൂടെ ഒരു ഗോള്‍ മടക്കി ചെന്നൈയിന്‍ ഗോവയെ ഞെട്ടിച്ചു. 59-ാം മിനിറ്റില്‍ നെരിജൂസ് വല്‍സ്‌കിസ് ചെന്നൈയിന് സമനില ഗോളും സമ്മാനിച്ചതോടെ ഗോവയുടെ പ്രതീക്ഷ മങ്ങി.

എന്നാല്‍ 81-ാം മിനിറ്റില്‍ ഗോവയെ വീണ്ടും മുന്നിലെത്തിച്ച് എഡു ബെഡിയയും രണ്ട് മിനിറ്റിനകം ലീഡ് രണ്ടാക്കി ഉയര്‍ത്തി മൗര്‍താദയും ഗോവയക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന നിമിഷത്തെ സമ്മര്‍ദ്ദം മറികടന്ന് ചെന്നൈയിന്‍ ഫൈനല്‍ ടിക്കറ്റുറപ്പിച്ചു. ഇഞ്ചുറി ടൈമില്‍ ഗോവയുടെ സേവിയര്‍ ഗാമ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. മുമ്പ് രണ്ട് തവണ കിരീടം നേടിയിട്ടുള്ള ചെന്നൈയിന്‍ മൂന്നാം കിരീടം തേടിയാണ് ഫൈനലിനിറങ്ങുക.