മുംബൈ: ഐഎസ്എല്‍ ക്ലബ് മുംബൈ സിറ്റി എഫ്‌സി പരിശീലകന്‍ യോർഗെ കോസ്റ്റയെ പുറത്താക്കി. സീസണില്‍ ടീം പ്ലേ ഓഫിന് യോഗ്യത നേടാതെ പുറത്തായതാണ് കോച്ചിനെ പുറത്താക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. സഹപരിശീലകരായ മാര്‍ക്കോ ലെറ്റേയും പെഡ്രോ മിഖായേല്‍ കൊറിയയും ടീമില്‍ തുടരില്ല എന്നും മുംബൈ സിറ്റി എഫ്‌സി വ്യക്തമാക്കി. 

രണ്ട് സീസണുകളില്‍ മുംബൈയുടെ പരിശീലകനായിരുന്നു പോര്‍ച്ചുഗീസുകാരനായ യോർഗെ കോസ്റ്റ. പരിശീലകനായി സ്ഥാനമേറ്റ ആദ്യ സീസണില്‍ ടീമിനെ പ്ലേ ഓഫിലേക്ക് നയിക്കാനായിരുന്നു. യോർഗെക്ക് ആശംസകള്‍ നേരുന്നതായി മുംബൈ സിറ്റി സിഇഒ പ്രതികരിച്ചു. 

ഇത്തവണ അഞ്ചാംസ്ഥാനത്താണ് മുംബൈ സിറ്റി എഫ്‌സി ഫിനിഷ് ചെയ്‌തത്. നാലാംസ്ഥാനക്കാരാകാനുള്ള അവസരം തലനാരിഴയ്‌ക്കാണ് മുംബൈക്ക് നഷ്‌ടമായത്. എഫ്‌സി ഗോവ(39), എടികെ(34), ബെംഗളൂരു എഫ്‌സി(30), ചെന്നൈയിന്‍ എഫ്‌സി(29) എന്നീ ടീമുകളാണ് പ്ലേ ഓഫിലെത്തിയത്. എന്നാല്‍ മുംബൈ സിറ്റിക്ക് 26 പോയിന്‍റാണ് നേടാനായത്.