ഗോഹട്ടി: ഐഎസ്എല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ചെന്നൈയിന്‍ എഫ്‌സിക്ക് സമനില.  ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞതോടെ ഐഎസ്‌എല്ലിലെ പ്ലേ ഓഫ് ചിത്രം പൂര്‍ണമായി.

സമനിലയോടെ 29 പോയന്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈ പ്ലേ ഓഫില്‍ എഫ് സി ഗോവയെ നേരിടും. ബംഗലൂരു എഫ്‌സിയും എടികെയും തമ്മിലാണ് രണ്ടാമത്തെ പ്ലേ ഓഫ്. 14 പോയന്റോടെ ഒമ്പതാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് ഫിനിഷ് ചെയ്തത്. 39 പോയന്റുള്ള ഗോവ ഒന്നാം സ്ഥാനത്തും 34 പോയന്റുമായി കൊല്‍ക്കത്ത രണ്ടാമതും 30 പോയന്റുള്ള ബംഗലൂരു മൂന്നാമതും ഫിനിഷ് ചെയ്തു.

പതിനേഴാ മിനിറ്റില്‍  മാസിയ സെയ്ഗാനിയിലൂടെ ചെന്നൈയിന്‍ ആണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 43-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഷാവേസ് നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ ഷാവേസ് തന്നെ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചതോടെ ചെന്നൈയിന്‍ തോല്‍വി മുന്നില്‍ക്കണ്ടെങ്കിലും ഇഞ്ചുറി ടൈമില്‍ ലാലിയാന്‍സുവാല ചാങ്തെ അവരുടെ രക്ഷകനായി.

ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ചാങ്തെ നേടിയ ഗോളില്‍ സമനില പിടിച്ച ചെന്നൈയിന്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കി. ജയിച്ചിരുന്നെങ്കില്‍ 31 പോയന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയരാമായിരുന്ന ചെന്നൈയിന് കൊല്‍ക്കത്തയാവുായിരുന്നു എതിരാളികള്‍.