ജയിച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ ഒമ്പത് പോയന്‍റുമായി അവസാന സ്ഥാനത്തു തന്നെ തുടരുമ്പോള്‍ തോല്‍വിയോടെ ഗോവ ഒമ്പതാം സ്ഥാനത്ത് തുടരുന്നു. ആദ്യ പകുതിയില്‍ എഡു ബെഡിയയുടെ പിഴവില്‍ നിന്നാണ് നവോറേം സിംഗ് ഈസ്റ്റ് ബംഗാളിന് ലീഡ് സമ്മാനിച്ചത്.

ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-2022) ആദ്യ ജയത്തിനായി 11 മത്സരങ്ങള്‍ കാത്തിരുന്ന ഈസ്റ്റ് ബംഗാളിന്(East Bengal) ഒടുവില്‍ ജയം. എഫ് സി ഗോവയെ(FC Goa) ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഈസ്റ്റ് ബംഗാള്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. നവോറേം സിംഗിന്‍റെ(Naorem Singh) ഇരട്ട ഗോളുകളാണ് ഈസ്റ്റ് ബംഗാളിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. ആല്‍ബെര്‍ട്ടോ നോഗ്യൂറയാണ്(Alberto Noguera,) ഗോവയുടെ ആശ്വാസ ഗോള്‍ നേടിയത്.

ആദ്യ ജയത്തോടെ ഈസ്റ്റ് ബംഗാള്‍ ഒമ്പത് പോയന്‍റുമായി അവസാന സ്ഥാനത്തു നിന്ന് ഒരു പടി കയറി പത്താം സ്ഥാനത്തെത്തിയപ്പോള്‍ തോല്‍വിയോടെ ഗോവ ഒമ്പതാം സ്ഥാനത്ത് തുടരുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് നിലവില്‍ പോയന്‍റ് പട്ടികയില്‍ അവസാന സഥാനത്ത്. ആദ്യ പകുതിയില്‍ എഡു ബെഡിയയുടെ പിഴവില്‍ നിന്നാണ് നവോറേം സിംഗ് ഈസ്റ്റ് ബംഗാളിന് ലീഡ് സമ്മാനിച്ചത്. ഈസ്റ്റ് ബംഗാള്‍ ലീഡെടുത്തതോടെ സമനില ഗോളിനായി ഗോവ പോരാട്ടം കനപ്പിച്ചു. 21-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ബോക്സില്‍ ഹാന്‍ഡ് ബോളിനായി ഗോവന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും റഫറി പെനല്‍റ്റി നിഷേധിച്ചു.

കൂളിംഗ് ബ്രേക്കിനുംശേഷം ആക്രമണം തുടര്‍ന്ന ഗോവ 37-ാം മിനിറ്റില്‍ സമനില കണ്ടെത്തി.ജോര്‍ജെ ഓര്‍ട്ടിസിന്‍റെ പാസില്‍ നിന്ന് ആല്‍ബര്‍ട്ടോ നോഗ്യൂറോ ആണ് ഗോവക്ക് സമനില സമ്മാനിച്ചത്. എന്നാല്‍ സമനില ഗോളിന്‍റെ ആശ്വാസം അധികം നേരം നീണ്ടില്ല. ഗോവയുടെ സമനില ഗോളിന് പിന്നാലെ നാവോറെം സിംഗിലൂടെ ഈസ്റ്റ് ബംഗാള്‍ ലീഡ് തിരിച്ചുപിടിച്ചു. നവോറേം സിംഗിന്‍റെ ഷോട്ട് ക്രോസ് ബാറില്‍ താട്ടി പോസ്റ്റിനുള്ളില്‍ വീണു.

ആദ്യപകുതിയുടെ അവസാനവും രണ്ടാം പകുതിയിലും സമനില ഗോളിനായുള്ള ഗോവയുടെ ശ്രമങ്ങള്‍ ഈസ്റ്റ് ബംഗാള്‍ ഫലപ്രദമായി പ്രതിരോധിച്ചതോടെ സീസണിലെ ആദ്യ ജയം അവര്‍ക്കൊപ്പം പോന്നു.