Asianet News MalayalamAsianet News Malayalam

ISL 2021-2022: ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ ടീമിലെത്തിക്കുമെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച്

വെറുതെയൊരു മാറ്റത്തിനായി ബ്ലാസ്റ്റേഴ്സിന് ആരെയും വേണ്ട. ക്രിയാത്മകമായി ടീമിൽ ചലനം വരുത്താൻ കഴിയുന്നവരേയാണ് പരിഗണിക്കുന്നത്. വിദേശതാരങ്ങളിൽ മാറ്റമുണ്ടാവില്ലെന്ന് ഉറപ്പാണെന്നും കോച്ച് ഇവാൻ വുകോമനോവിച്ച്

ISL 2021-2022: Kerala Blasters looking for fresh faces in January transfer window says coach
Author
Fatorda Stadium, First Published Jan 8, 2022, 8:10 PM IST

ഫറ്റോര്‍ദ: ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ(Transfer Window) കേരള ബ്ലാസ്റ്റേഴ്സ്(Kerala Blasters) പുതിയ താരങ്ങളെ ടീമിലെത്തിച്ചേക്കുമെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച്(Ivan Vukomanovic). ട്രാൻസ്ഫർ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു. തോൽവി അറിയാതെ മുന്നേറുന്ന ടീമിലേക്ക് പുതിയ താരങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്.

വെറുതെയൊരു മാറ്റത്തിനായി ബ്ലാസ്റ്റേഴ്സിന് ആരെയും വേണ്ട. ക്രിയാത്മകമായി ടീമിൽ ചലനം വരുത്താൻ കഴിയുന്നവരേയാണ് പരിഗണിക്കുന്നത്. വിദേശതാരങ്ങളിൽ മാറ്റമുണ്ടാവില്ലെന്ന് ഉറപ്പാണെന്നും കോച്ച് ഇവാൻ വുകോമനോവിച്ച് പറഞ്ഞു. അവസാന എട്ട് കളിയിലും ബ്ലാസ്റ്റേഴ്സ് തോൽവി അറഞ്ഞിട്ടില്ല. സന്തുലിത ടീമായി മാറുന്ന ബ്ലാസ്റ്റേഴ്സിന് ആരെയും തോൽപിക്കാൻ കഴിയുമെന്നും വുകോമനോവിച്ച് വ്യക്തമാക്കി.

പരിക്കിൽ നിന്ന് മുക്തനാവുന്ന മലയാളിതാരം കെപി രാഹുൽ അടുത്തയാഴ്ച ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വുകോമനോവിച്ച് വ്യക്തമാക്കി. അതേസമയം, പോയന്‍റ് പട്ടികയിലെ ആദ്യ നാലു സ്ഥാനങ്ങളില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്സിന്(Kerala Blasters) നാളെ ഇറങ്ങും. കരുത്തരായ ഹൈദരാബാദ് എഫ് സിയാണ്(Hyderabad FC) എതിരാളികൾ. സീസണിൽ ഒറ്റതോൽവി മാത്രം നേരിട്ട ടീമുകളാണ് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലാണ് മത്സരം.

ബ്ലാസ്റ്റേഴ്സിന്‍റെ മുൻതാരം ബാർത്തലോമിയോ ഒഗ്ബചേയുടെ സ്കോറിംഗ് മികവിലാണ് ബൈദരാബാദിന്‍റെ മുന്നേറ്റം. ഒഗ്ബചേ ഒൻപത് കളിയിൽ ഒൻപത് ഗോൾ നേടിക്കഴിഞ്ഞു. സഹൽ, ലൂണ, വാസ്ക്വേസ്, ഡിയാസ് കൂട്ടുകെട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. ലീഗിൽ ഹൈദരാബാദ് രണ്ടാമതും ബ്ലാസ്റ്റേഴ്സ് അഞ്ചാമതുമാണ്.

Follow Us:
Download App:
  • android
  • ios