Asianet News MalayalamAsianet News Malayalam

ISL 2021-22: ഛേത്രിക്ക് റെക്കോര്‍ഡ്; ജംഷഡ്പൂരിന്‍റെ ഉരുക്കുകോട്ട തകര്‍ത്ത് ബെംഗലൂരു ആദ്യ നാലില്‍

ജംഷഡ്‌പൂരിനെതിരെ ഗോളടിച്ചതോടെ ഛേത്രി ഫെറാന്‍ കോറോമിനാസിനെ പിന്തള്ളി ഐഎസ്എല്ലിലെ എക്കാലത്തെയും വലിയ ടോപ് സ്കോറര്‍(49) എന്ന റെക്കോര്‍ഡിനൊപ്പമെത്തി. ബര്‍തോലോമ്യു ഒഗ്ബെച്ചെയാണ് 49 ഗോളുകളുമായി ഛേത്രിക്കൊപ്പമുളളത്.

ISL 2021-22: Bengaluru FC beat Jamshedpur FC  3-1
Author
Bambolim, First Published Feb 5, 2022, 9:36 PM IST

ബംബോലിം: സുനില്‍ ഛേത്രി ഐഎസ്എല്ലിലെ((ISL) എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനെന്ന റോക്കോര്‍ഡിനൊപ്പമെത്തിയ മത്സരത്തില്‍  ജംഷഡ്പൂരിനെ(Jamshedpur FC) ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന് ബെംഗലൂരു എഫ് സി(Bengaluru FC) പോയന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി. ആദ്യ മിനിറ്റില്‍ ഡാനിയേല്‍ ചിമ ചിക്‌വുവിന്‍റെ(Daniel Chima Chukwu) ഗോളില്‍ മുന്നിലെത്തിയ ജംഷഡ്പൂരിനെ രണ്ടാം പകുതിയില്‍ നേടി മൂന്ന് ഗോളുകള്‍ക്കാണ് ബെംഗലൂരു മറികടന്നത്. സുനില്‍ ഛേത്രിയും ക്ലൈറ്റണ്‍ സില്‍വയുമാണ് ബെംഗലൂരുവിന്‍റെ ഗോളുകള്‍ നേടിയത്. തോല്‍വി അറിയാതെ ഒമ്പതാമത്തെ മത്സരമാണ് ബെംഗലൂരു ഇന്ന് പൂര്‍ത്തിയാക്കിയത്.

ജയത്തോടെ ബെംഗലൂരു ജംഷഡ്പൂരിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി 23 പോയന്‍റുമായി കേരളാ ബ്ലാസ്റ്റേഴ്സിന്(Kerala Blasters) പിന്നില്‍ മൂന്നാം സ്ഥാനത്തെത്തി. ഒരു മത്സരം കുറച്ചു കളിച്ച ബ്ലാസ്റ്റേഴ്സിനും 23 പോയന്‍റാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. ആദ്യ മിനിറ്റില്‍ തന്നെ മുന്നിലെത്തി ജംഷഡ്‌പൂര്‍ തകര്‍പ്പന്‍ തുടക്കമാണിട്ടത്. ബെംഗലൂരു പകുതിയില്‍ നിന്ന് പന്തുമായി കുതിച്ച അലക്സാണ്ട്രെ ലിമ ബോക്സില്‍ ബോറിസ് സിംഗിന് മറിച്ചു നല്‍കി. ബോറിസ് സിംഗ് തൊടാതെ വിട്ട പന്തില്‍ ആദ്യ ടച്ചില്‍ തന്നെ ചുക്‌വു ഗോളിലേക്ക് നിറയൊഴിച്ചു.

ആദ്യ മിനിറ്റില്‍ പിന്നിലായതോടെ ബെംഗലൂരു തരിച്ചടിക്കാനുള്ള സകല അടവുകളും പയറ്റി. എന്നാല്‍ ജംഷഡ്‌പൂര്‍ പ്രതിരോധം ഉരുക്കുകോട്ടപോലെ ഉറച്ചു നിന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തിലെ സുനില്‍ ഛേത്രി ബെംഗലൂരുവിനെ ഒപ്പമെത്തിച്ചു.  55-ാം മിനിറ്റില്‍ ജംൽഷഡ്‌പൂര്‍ ബോക്സിനടുത്ത് നിന്ന് ലഭിച്ച ത്രോയില്‍ നിന്ന് ബ്രൂണോ സില്‍വ നല്‍കി പാസില്‍ നിന്നായിരുന്നു ഛേത്രിയുടെ ഗോള്‍. ജംഷഡ്‌പൂരിനെതിരെ ഗോളടിച്ചതോടെ ഛേത്രി ഫെറാന്‍ കോറോമിനാസിനെ പിന്തള്ളി ഐഎസ്എല്ലിലെ എക്കാലത്തെയും വലിയ ടോപ് സ്കോറര്‍(49) എന്ന റെക്കോര്‍ഡിനൊപ്പമെത്തി. ബര്‍തോലോമ്യു ഒഗ്ബെച്ചെയാണ് 49 ഗോളുകളുമായി ഛേത്രിക്കൊപ്പമുളളത്.

സമനില ഗോള്‍ വീണതോടെ ആവേശത്തിലായ ബെംഗലൂരു നിരന്തരം ആക്രമിച്ചു. ഒടുവില്‍ 62-ാം മിനിറ്റില്‍ ബ്രൂണോ സില്‍വയുടെ പാസില്‍ നിന്ന് ക്ലൈയ്റ്റണ്‍ സില്‍വ ബെംഗലൂരുവിന് ലീഡ് സമ്മാനിച്ച് രണ്ടാം ഗോളും നേടി. ഫാര്‍ പോസ്റ്റില്‍ നിന്ന് റോഷന്‍ നവോറം എടുത്ത കോര്‍ണറാണ് ഗോളിലേക്കുള്ള വഴി തുറന്നത്. സമനില ഗോളിനായി ജംഷഡ്‌പൂര്‍ പ്രതിരോധം മറന്ന് ആക്രമിച്ചതോടെ ഇഞ്ചുറി ടൈമില്‍ ക്ലൈയ്റ്റണ്‍ സില്‍വയിലൂടെ മൂന്നാം ഗോളും നേടി ബെംഗലൂരു ജയം ആധികാരികമാക്കി.

Follow Us:
Download App:
  • android
  • ios