Asianet News MalayalamAsianet News Malayalam

ISL | ഭൂട്ടാനീസ് റൊണാൾഡോ മുതല്‍ അഡ്രിയാൻ ലൂണ വരെ; കളംവാഴാന്‍ ആറ് പുതിയ വിദേശതാരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ്

കഴിഞ്ഞ സീസണിലെ എല്ലാ വിദേശ താരങ്ങളെയും ഒഴിവാക്കിയ മഞ്ഞപ്പട പുതിയ താരങ്ങളെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു

ISL 2021 22 Kerala Blasters FC introducing this new six foreign players in 8th season
Author
Margao, First Published Nov 19, 2021, 10:56 AM IST

മഡ്‌ഗാവ്: ഐഎസ്എല്‍ എട്ടാം സീസണിൽ(ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സ്(Kerala Blaeters FC) ആറ് പുതിയ വിദേശ താരങ്ങളെയാണ് അണിനിരത്തുന്നത്. കഴിഞ്ഞ സീസണിലെ എല്ലാ വിദേശ താരങ്ങളെയും ഒഴിവാക്കിയ മഞ്ഞപ്പട പുതിയ താരങ്ങളെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. ടീമിലെ പുതിയ വിദേശ താരങ്ങൾ ആരൊക്കെ എന്ന് നോക്കാം. 

1. എനെസ് സിപോവിച്ച്

കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്സിയുടെ പ്രതിരോധ നിര കാത്ത ബോസ്നിയൻ താരമാണ് എനെസ് സിപോവിച്ച്. ഇന്ത്യൻ സാഹചര്യങ്ങൾ അറിയുന്ന താരം എന്നതാണ് സിപോവിച്ചിന്‍റെ പ്രാധാന്യം.

2. മാർക്കോ ലെസ്കോവിച്ച്

പ്രതിരോധ നിരയിൽ സിപോവിച്ചിന് ഒത്ത പങ്കാളിയാണ് ക്രൊയേഷ്യയുടെ മുൻ ദേശീയ ടീം താരം കൂടിയായ മാർക്കോ ലെസ്കോവിച്ച്. 31 വയസ് പ്രായമുള്ള ലെസ്കോവിച്ച് യൂറോപ്പിലെ വിവിധ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

3. അഡ്രിയാൻ ലൂണ

ഉറൂഗ്വേ താരം അഡ്രിയാൻ ലൂണ ഇത്തവണ ബ്ലാസ്റ്റേഴ്സ് കളിനിയന്ത്രിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ സൈനിംഗ് ഓഫ് ദ സീസൺ എന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ലൂണ.

4. ഹോർജെ പെരേര ഡിയാസ്

ബ്ലാസ്റ്റേഴ്സിന്‍റെ അർജന്‍റീനിയൻ മുന്നേറ്റ താരമാണ് ഡിയാസ്. തെക്കേ അമേരിക്കയിലും ഏഷ്യയിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്.

5. അൽവാരോ വാസ്ക്വേസ്

സ്വാൻസി സിറ്റി, എസ്പാന്യോൾ, സ്പോർട്ടിംഗ് ഗിജോൺ എന്നീ ക്ലബുകളിൽ കളിച്ച അൽവാരോ വാസ്ക്വേസ് ഇത്തവണ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. ലാ ലീഗയിലും പ്രീമിയർ ലീഗിലും നിരവധി മത്സരങ്ങൾ കളിച്ചിട്ടുള്ള വാസ്ക്വേസിന്‍റെ അനുഭവസമ്പത്ത് ബ്ലാസ്റ്റേഴ്സിന് ആവശ്യമായ ഗോൾ നൽകുമെന്നാണ് പ്രതീക്ഷ.

6. ചെഞ്ചോ ഗിൽറ്റ്‌ഷെൻ

ഇത്തവണ ഏഷ്യൻ താരമായി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ യുവ മുന്നേറ്റ താരമാണ് ഭൂട്ടാനീസ് റൊണാൾഡോ എന്ന പേരിൽ അറിയപ്പെടുന്ന ചെഞ്ചോ ഗിൽറ്റ്‌ഷെൻ. ഇരുപത്തിയഞ്ചുകാരനായ ചെഞ്ചോ ബെംഗളൂരു എഫ്‌സിയുടെ താരമായിരുന്നു.

ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് ഗോവയിൽ എടികെ മോഹൻ ബഗാന്‍-കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തോടെ തുടക്കമാകും. രാത്രി 7.30നാണ് മത്സരം. ഐഎസ്എല്ലിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകളാണ് മുഖംമുഖം വരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍ മൂന്ന് തവണ ചാമ്പ്യന്മാരായതിന്‍റെ കരുത്തുമായാണ് എടികെ മോഹൻ ബഗാന്‍ വരുന്നത്. 

ISL | പുതിയ സീസണ്‍, പുതിയ സഹലിനെ പ്രതീക്ഷിച്ച് ആരാധകര്‍; പുകഴ്‌ത്തി പരിശീലകന്‍

 

Follow Us:
Download App:
  • android
  • ios