ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍ ഗില്‍, ഹോര്‍മിപാം റുയിവയും ബഹ്റിനും ബെലാറൂസിനുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഗോവയില്‍ നിന്ന് നേരെ ഇന്ത്യന്‍ ക്യാംപിലേക്ക് പോയി. 

ഫറ്റോര്‍ഡ: ഐഎസ്എല്‍(ISL 2021-22) റണ്ണറപ്പുകളായ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ(Kerala Blasters) വിദേശ താരങ്ങൾ കേരളത്തിലേക്ക് വരാതെ നാട്ടിലേക്ക് മടങ്ങി. നായകൻ അഡ്രിയൻ ലൂണ, അൽവാരോ വാസ്ക്വേസ്, പെരേര ഡിയാസ്, സിപോവിച്ച്, ലെസ്കോവിച്ച്, ചെഞ്ചോ എന്നിവരാണ് ഗോവയിൽ നിന്ന് തന്നെ അവരവരുടെ നാടുകളിലേക്ക് മടങ്ങിയത്.

ഫൈനലിൽ എത്തിയ താരങ്ങൾക്ക് ആരാധകർ കൊച്ചിയിൽ സ്വീകരണം നൽകാൻ തയ്യാറെടുത്തിരുന്നു. എന്നാൽ ആറുമാസത്തോളം ബയോബബിളിൽ കഴിഞ്ഞതിനാൽ എത്രയും പെട്ടെന്ന്വീടുകളിലേക്ക് പോവാൻ താരങ്ങൾ തീരുമാനിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍ ഗില്‍, ഹോര്‍മിപാം റുയിവയും ബഹ്റിനും ബെലാറൂസിനുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഗോവയില്‍ നിന്ന് നേരെ ഇന്ത്യന്‍ ക്യാംപിലേക്ക് പോയി.

കോച്ച് ഇവാന്‍ വുകൊമനോവിച്ചും ഏതാനും താരങ്ങളും കേരളത്തിൽ എത്തിയേക്കുമെന്നാണ് സൂചന. ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ മാന്ത്രികനും നായകനുമായ അഡ്രിയാന്‍ ലൂണയെ ആണ് ആരാധകര്‍ ആവേശത്തോടെ വരവേല്‍ക്കാന്‍ കാത്തിരുന്നത്. സീസണില്‍ ആറ് ഗോളടിക്കുകയും ഏഴ് അസിസ്റ്റ് നല്‍കുകയും ചെയ്ത ലൂണയാണ് ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.

ഓസ്ട്രേലിയന്‍ എ ലീഗില്‍ മെല്‍ബണ്‍ സിറ്റി എഫ് സിയെ ജേതാക്കളാക്കിയശേഷമായിരുന്നു ലൂണ ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങിയത്. സീസണ്‍ തുടങ്ങുമ്പോള്‍ നായകനായിരുന്നില്ല ലൂണ. എന്നാല്‍ നായകനായിരുന്ന ജെസല്‍ കാര്‍ണായോക്ക് പരിക്കേറ്റതോടെയാണ് ലൂണ ബ്ലാസ്റ്റേഴ്സിന്‍റെ കപ്പിത്താനായത്.

ഞായറാഴ്ച നടന്ന ഐഎസ്എല്‍ ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് ഹൈദരാബാദ് എഫ് സിയോട് കേരള ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞത്.നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനില പാലിച്ച മത്സരത്തില്‍ ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്സിന്‍റെ മൂന്ന് കിക്കുകള്‍ ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണി തടുത്തിട്ടപ്പോള്‍ ബ്ലാസ്റ്റേഴ്സിന് ഒരെണ്ണം മാത്രമാണ് വലയിലാക്കാനായത്.