കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡിഷയെ തോൽപിച്ചാണ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്

പനാജി: ഐഎസ്എല്ലില്‍ (ISL) തോൽവി അറിയാത്ത കെട്ടറപ്പുള്ള ടീമായി മാറുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ (Kerala Blasters) ലക്ഷ്യമെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് (Ivan Vukomanovic). ഒഡിഷയ്ക്കെതിരെ (Odisha Fc) തന്ത്രങ്ങളെല്ലാം കൃത്യമായി നടപ്പാക്കാൻ കഴിഞ്ഞുവെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് ആദ്യ ജയത്തിന് ശേഷം പറഞ്ഞു. 

പതിനൊന്ന് മത്സരങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ജയം സ്വന്തമാക്കിയത്. ഓരോ മത്സരത്തിലും പിഴവുകൾ തിരുത്തിയാണ് ടീം ഇത്തവണ മുന്നോട്ട് പോകുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച് പറയുന്നു. 'ഒഡിഷയ്ക്കെതിരെ തന്ത്രങ്ങൾ ഫലം കണ്ടു. ജയം സ്വന്തമാക്കിയെങ്കിലും അമിത ആത്മവിശ്വാസമില്ല. തോൽവി അറിയാത്ത കെട്ടുറപ്പുള്ള ടീമായി മാറുകയാണ് ലക്ഷ്യ'മെന്നും ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി. 

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡിഷയെ തോൽപിച്ചാണ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ അൽവാരോ വാസ്ക്വേസും മലയാളി താരം കെ പ്രശാന്തുമാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി പ്രശാന്തിന്‍റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. അഡ്രിയൻ ലൂണയാണ് രണ്ട് ഗോളിനും വഴിയൊരുക്കിയത്. 

നിഖിൽരാജ് ഒഡിഷയുടെ ആശ്വാസഗോൾ നേടി. പതിനൊന്ന് മത്സരങ്ങൾക്ക് ഒടുവിലാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിൽ ജയിക്കുന്നത്. ഇതോടെ നാല് കളിയിൽ നിന്ന് അഞ്ച് പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് ലീഗിൽ ആറാം സ്ഥാനത്തേക്കുയർന്നു. 

ISL 2021 : കേരള ബ്ലാസ്‌റ്റേഴ്‌സിന് ആദ്യജയം; തകര്‍ത്തത് ഒഡീഷ എഫ്‌സിയെ