മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ ടീമിലെ കൊവിഡ് ബാധയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു

പനാജി: ഐഎസ്എല്ലിൽ (ISL 2021-22) കൊവിഡിനെ (Covid-19) അതിജീവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters FC) കളത്തിൽ. ഗോവയില്‍ ബ്ലാസ്റ്റേഴ്‌സ് ടീം (KBFC) പരിശീലനം പുനരാരംഭിച്ചു. താരങ്ങള്‍ പരിശീലനം നടത്തുന്നതിന്‍റെ ചിത്രങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് മഞ്ഞപ്പടയ്‌ക്കായി (Manjappada) ട്വിറ്ററില്‍ പങ്കുവച്ചു. പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും (Ivan Vukomanovic) വിദേശതാരങ്ങളും അടക്കം കൊവിഡ് ബാധിതരായതോടെ നിരീക്ഷണത്തിലായിരുന്നു ടീം. 

മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ മത്സരങ്ങള്‍ ടീമിലെ കൊവിഡ് ബാധയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ഞായറാഴ്‌ച ബെംഗളൂരു എഫ്‌സിക്കെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം. സീസണില്‍ 11 മത്സരങ്ങളില്‍ അഞ്ച് വീതം ജയവും സമനിലയുമായി 20 പോയിന്‍റോടെ രണ്ടാംസ്ഥാനത്താണ് മഞ്ഞപ്പട. രണ്ട് മത്സരം അധികം കളിച്ച് 23 പോയിന്‍റ് നേടിയ ഹൈദരാബാദ് എഫ്‌സിയാണ് പട്ടികയില്‍ തലപ്പത്ത്. 

എന്നാല്‍ ഇന്നത്തെ ജംഷഡ്‌പൂര്‍ എഫ്‌സി- എഫ്‌സി ഗോവ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിനും നിര്‍ണായകമാണ്. 11 കളിയിൽ 19 പോയിന്‍റുമായി നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ജംഷഡ്‌പൂര്‍ ഇന്ന് വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി രണ്ടാമതെത്തും. ഗോവയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ഇരു ടീമകളും ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ജംഷഡ്‌പൂര്‍ ആണ് ജയിച്ചത്. അതേസമയം ഗോവ പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടത്തിൽ ഇനിയും പിന്നിലാകാതിരിക്കാനുള്ള അധ്വാനത്തിലാണ്. 

YouTube video player

ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് അനായാസം കിരീടത്തിലെത്താന്‍ കഴിയുമെന്ന് മുന്‍ പരിശീലകന്‍ എൽക്കോ ഷാട്ടോറി വ്യക്തമാക്കി. ബ്ലാസ്റ്റേഴ്സിന് കിരീടസാധ്യത കുറവാണെന്നായിരുന്നു ഷാട്ടോറിയുടെ മുന്‍ നിലപാട്. മുംബൈ സിറ്റിയും എടികെ മോഹന്‍ ബഗാനും പതിവ് നിലവാരത്തിലേക്ക് ഉയരുന്നില്ലെന്നും ഷാട്ടോറി ട്വിറ്ററില്‍ കുറിച്ചു. ഐഎസ്എല്ലില്‍ 2019-20 സീസണിൽ ബ്ലാസ്റ്റേഴ്സ് പരിശീലകനായിരുന്ന എൽക്കോ ഷാട്ടോറി ആരാധകര്‍ക്കിടയിൽ സ്വീകാര്യനായിരുന്നു. 

ISL 2021-22 : ജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടക്കാം; ജംഷഡ്‌പൂര്‍ ഇന്ന് ഗോവയ്‌ക്കെതിരെ