Kerala Blasters : സാധാരണ മത്സരം മാത്രം, ബെംഗളൂരുവിനെതിരെ സമ്മര്‍ദമില്ല: ഇവാൻ വുകോമനോവിച്ച്
ഐഎസ്എല്ലില്‍ കൂടുതല്‍ ആരാധക പിന്തുണയുള്ള രണ്ട് ദക്ഷിണേന്ത്യന്‍ ടീമുകളുടെ പോരാട്ടമാണിന്ന്

പനാജി: ഐഎസ്എല്ലില്‍(ISL 2021-22) ബെംഗളൂരു എഫ്‌സിക്കെതിരെ(Bengaluru FC) ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്(Kerala Blasters) സമ്മർദം ഒന്നുമില്ലെന്ന് പരിശീലകന്‍ ഇവാൻ വുകോമനോവിച്ച്(Ivan Vukomanović). മൂന്നാം മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്നും വുകോമനോവിച്ച് പറഞ്ഞു. സീസണിലെ ആദ്യ ജയം തേടിയാണ് മഞ്ഞപ്പട ബിഎഫ്‌സിക്കെതിരെ(BFC) ഇന്ന് ഇറങ്ങുന്നത്.
കരുത്തരായ ബെംഗളൂരുവിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ കളിത്തട്ടിൽ മാത്രമല്ല പോരാട്ടം. കളത്തിന് പുറത്തുമുണ്ട് ആവേശം. ഇരു ടീമിന്‍റേയും ആരാധകർ വീറോടെ ഉറ്റുനോക്കുമ്പോൾ തനിക്കിത് സാധാരണ മത്സരം മാത്രമാണെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച് പറയുന്നു. ആദ്യ രണ്ട് മത്സരങ്ങളിലെ പിഴവുകൾ പരിഹരിച്ചാവും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. ബിഎഫ്‌സിയെ നേരിടാൻ ബ്ലാസ്റ്റേഴ്‌സ് പൂർണ സജ്ജരെന്ന് ഹർമൻജോത് ഖബ്രയും വ്യക്തമാക്കി.
ആദ്യ ജയത്തിന് ബ്ലാസ്റ്റേഴ്‌സ്
ഐഎസ്എല്ലില്‍ സീസണിലെ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേസ് ഇന്നിറങ്ങും. ഗോവയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം തുടങ്ങുക. വിള്ളൽവീണ പ്രതിരോധത്തിലൂടെ എടികെ മോഹൻ ബഗാനെതിരെ തോൽവിയും മുന്നേറ്റത്തിന്‍റെ മുനയൊടിഞ്ഞപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോളില്ലാ സമനിലയും വഴങ്ങിയത് പരിഹരിക്കാനാണ് ഇവാൻ വുകോമനോവിച്ചും കൂട്ടരും കളത്തിലെത്തുന്നത്.
മൂന്നാമങ്കത്തിൽ മുന്നിലുള്ള സുനിൽ ഛേത്രിയുടെ ബെംഗളൂരു എഫ് സി ചില്ലറക്കാരല്ല. എന്നാല്‍ ഹൈലാൻഡേഴ്‌സിനെ തോൽപിച്ച് തുടങ്ങിയെങ്കിലും ഒഡിഷയോട് ബിഎഫ്‌സി ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റത് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നൽകുന്നു. ഉദാന്ത സിംഗ്, മലയാളി താരം ആഷിഖ് കുരുണിയൻ, സുനിൽ ഛേത്രി, ക്ലെയ്റ്റൻ സിൽവ എന്നിവരെ തടയുകയാവും ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രധാന വെല്ലുവിളി.
ഇതോടൊപ്പം, അഡ്രിയൻ ലൂണ, സഹൽ അബ്‌ദുൽ സമദ്, ജോർഗെ പെരേര, വിൻസി ബരേറ്റോ സഖ്യം പ്രതീക്ഷയ്ക്കൊത്ത് ഉയരുകയും വേണം. ആരാധകർക്കിടയിൽ ചൂടുംചൂരും നിറയ്ക്കുന്ന ബ്ലാസ്റ്റേഴ്സും ബിഎഫ്‌സിയും എട്ട് തവണയാണ് മുഖാമുഖം വന്നിട്ടുള്ളത്. അഞ്ചിലും ബിഎഫ്സി ജയിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിന് ചിരിക്കാനായത് ഒരിക്കൽ മാത്രം. രണ്ട് കളി സമനിലയിൽ അവസാനിച്ചു.