തോറ്റുപോയെന്ന് വിശ്വസിക്കാൻ പാടുപെടുന്നു ചിലർ, പരസ്‌പരം ആശ്വസിപ്പിക്കുന്നവർ കുറച്ച് പേർ...

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ (Kerala Blasters) കിരീടധാരണം കാണാനായി ഗോവയിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് ആരാധകരെ (Manjappada) നിരാശരാക്കുന്നതായിരുന്നു മത്സരഫലം. പക്ഷെ തോൽവിയിലും ടീമിനോടുള്ള സ്നേഹവും ആരാധനയും തെല്ലും കുറഞ്ഞിട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ടാണ് ഒരോരുത്തരും ഫത്തോർഡ സ്റ്റേഡിയം വിട്ടത്. ആരാധകരോടുള്ള നന്ദി പ്രകടിപ്പിക്കാൻ ടീം ഒന്നടങ്കം മൈതാനം വലംവച്ച കാഴ്‌ചയും ഇന്നലെ കണ്ടു. 

തോറ്റുപോയെന്ന് വിശ്വസിക്കാൻ പാടുപെടുന്നു ചിലർ, പരസ്‌പരം ആശ്വസിപ്പിക്കുന്നവർ കുറച്ച് പേർ... ഫത്തോർഡയിൽ നിന്ന് മടങ്ങും നേരം കാഴചകൾ ഇതൊക്കൊയായിരുന്നു. രാഹുലിന്‍റെ ഗോളിൽ ആർത്തലച്ചും മറുപടി ഗോളിൽ ഞെട്ടലോടെയും പെനാൽറ്റി ഷൂട്ടൗട്ടിൽ നിസഹായരായും മത്സരം കണ്ട് തീർത്തു ആരാധകര്‍. രണ്ട് വർഷത്തിന് ശേഷം മൈതാനത്തേക്കെത്തിയതിന്‍റെ ആഘോഷ നിമിഷങ്ങൾ ഒരൽപം കയ്പുനീരിൽ അവസാനിച്ചു. എന്നാല്‍ തോറ്റ് തലതാഴ്ത്തി നിന്ന് താരങ്ങൾക്ക് മുന്നിൽ ചങ്ക് പൊട്ടും വിധം ഉച്ചത്തിൽ ആരാധകര്‍ ബ്ലാസ്റ്റേഴ്‌സ് എന്ന് ആർത്തുവിളിച്ചു. ആ വിളി കേട്ട കോച്ചും താരങ്ങളും ഗ്യാലറിയെ വലം വച്ച് നന്ദി വിളിച്ച് പറഞ്ഞ് കൊണ്ടിരുന്നു. 

ഒരു തോൽവിക്കും തോൽപ്പിക്കാൻ കഴിയുന്നതല്ല ക്ലബിനോടുള്ള ആരാധന. അത് മറ്റൊരു വൈകാരിക തലമാണ്. ഇനി കാത്തിരിപ്പാണ്. അടുത്ത സീസൺ വരും, കപ്പടിക്കും എന്ന പ്രതീക്ഷ. ഈ ഉറപ്പിലാണ് ഓരോ മഞ്ഞപ്പട ആരാധകനും ഫറ്റോര്‍ഡയില്‍ നിന്ന് മടങ്ങിയത്.

പൊരുതിവീണ് വീണ്ടും ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലില്‍ 2014നും 2016നും പിന്നാലെ 2022ലെ ഫൈനലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഹൈദരാബാദ് എഫ്‌സി കന്നിക്കിരീടം സ്വന്തമാക്കി. ഷൂട്ടൗട്ടിൽ ഒന്നിനെതിരെ 3 ഗോളിനാണ് ഹൈദരാബാദിന്‍റെ ജയം. 68-ാം മിനുറ്റില്‍ രാഹുല്‍ കെ പിയുടെ ഗോളിന് 88-ാം മിനുറ്റില്‍ സാഹില്‍ ടവോര മറുപടി നല്‍കിയതോടെയാണ് മത്സരം എക്‌സ്‌ട്രൈ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീങ്ങിയത്. എന്നാല്‍ കിക്കെടുത്തപ്പോള്‍ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് പിഴച്ചു. 

ISL 2021-22 : ഗില്ലാട്ടത്തിന് ബഹുമതി, പ്രഭ്‌സുഖന്‍ ഗില്ലിന് ഗോള്‍ഡന്‍ ഗ്ലൗ; ഒഗ്ബെച്ചെയ്‌ക്ക് ഗോള്‍ഡന്‍ ബൂട്ട്