മത്സരത്തിന് മുൻപ് തന്നെ ഇത് കുഴപ്പമുള്ളതാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു എന്ന് ഇവാന്‍ 

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ദുര്‍ബലരായ ഈസ്റ്റ് ബംഗാളിനോട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ തോല്‍വി വഴങ്ങിയിരുന്നു. എവേ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. തോല്‍വിയില്‍ കുറ്റബോധമുണ്ട് എന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് മത്സര ശേഷം വ്യക്തമാക്കി. 

'ഇന്ന് തീർച്ചയായും ഒരു നിരാശാജനകമായ സായാഹ്നം ആയിരുന്നു. കുറ്റബോധമുണ്ട്. കാരണം ഞങ്ങൾക്ക് വിജയിക്കാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നു. മത്സരത്തിന് മുൻപ് തന്നെ ഇത് കുഴപ്പമുള്ളതാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഇന്ന് ഞങ്ങളെക്കാളേറെ എതിർ ടീമിന് മത്സരം ജയിക്കണമായിരുന്നു. ഇതൊരു സത്യമാണ്. അതാണ് ഞങ്ങൾക്കിടയിലുണ്ടായിരുന്ന വ്യത്യാസവും. കഴിവിനും ഫൈറ്റിനും ക്യാരക്ടറിനും മുകളിലാണ് മത്സരം ജയിക്കണം എന്നുള്ള ആഗ്രഹം. എതിർ ടീമിനെക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിൽ ജയിക്കാനാകില്ല' എന്നും ഇവാന്‍ സാല്‍ട്ട് ലേക്കിലെ മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കൊല്‍ക്കത്തയിലെ മത്സരം അനായാസമാവില്ലെന്ന് ഇവാന്‍ മത്സരത്തിന് മുമ്പ് തന്‍റെ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഈസ്റ്റ് ബംഗാളിനെതിരെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അപ്രതീക്ഷിത തോല്‍വി നേരിടുകയായിരുന്നു. 1-0നാണ് കൊല്‍ക്കത്തന്‍ ടീമിന്‍റെ വിജയം. ആദ്യപകുതിയില്‍ ആക്രമണത്തില്‍ പിന്നോട്ടുപോയത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. അതേസമയം തുടര്‍ ആക്രമണങ്ങള്‍ക്ക് 77-ാം മിനുറ്റില്‍ ഈസ്റ്റ് ബംഗാളിന് ഫലമുണ്ടായി. റീബൗണ്ടില്‍ നിന്ന് ക്ലൈറ്റന്‍ സില്‍വയാണ് മഞ്ഞപ്പടയെ വിറപ്പിച്ച ഗോള്‍ നേടിയത്. പിന്നീട് സമനില പിടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 

മത്സര വിജയത്തിലൂടെ മൂന്നു പോയിന്‍റുകൾ സ്വന്തമാക്കിയ ഈസ്റ്റ് ബംഗാൾ പതിനഞ്ച് പോയിന്‍റുമായി ഒൻപതാം സ്ഥാനത്തും കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തും തുടരുന്നു. മാച്ച് വിന്നിംഗ് ഗോൾ നേട്ടത്തിന് ഈസ്റ്റ് ബംഗാളിന്‍റെ ഹീറോ ഓഫ് ദി മാച്ച് അവാർഡ് ക്ലീറ്റൺ സിൽവയ്ക്ക് ലഭിച്ചു. 

ബ്ലാസ്റ്റേഴ്‌സിന് കനത്ത പ്രഹരം; ഒറ്റയടിക്ക് പകരംവീട്ടി ഈസ്റ്റ് ബംഗാള്‍