ബ്രൈസും രാഹുലും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍; ഈസ്റ്റ് ബംഗാളിനെതിരായ ടീം പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനാണ് ഈസ്റ്റ് ബംഗാളിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കരണ്‍ജീത്ത് സിംഗ് ഗോള്‍ ബാറിന് കീഴെ എത്തുമ്പോള്‍ ഖബ്ര, ഹോര്‍മീംപാം, വിക്‌ടര്‍, ജെസ്സല്‍, ജീക്‌സണ്‍, ലൂണ, ബ്രൈസ്, കെ പി രാഹുല്‍, ജിയാന്നു, ദിമിത്രിയോസ് എന്നിവരാണ് ആദ്യ ഇലവനിലുള്ളത്. സച്ചിന്‍, ആയുഷ്, ഡാനിഷ്, നിഷു, സൗരവ്, ബിദ്യ, വിബിന്‍, ഇവാന്‍, സഹല്‍ എന്നിവര്‍ പകരക്കാരുടെ നിരയിലാണ്. ബെംഗളൂരു എഫ്‌സിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം റാഞ്ചിയ ഡാനിഷ് ഫാറൂഖിനെ ഇന്ന് മഞ്ഞക്കുപ്പായത്തില്‍ അരങ്ങേറ്റ മത്സരം കളിക്കാന്‍ ഇറക്കാന്‍ സാധ്യതയുണ്ട്.
അതേസമയം നാല് മാറ്റങ്ങളുമായാണ് ഈസ്റ്റ് ബംഗാള്‍ ഇറങ്ങുന്നത്. ഇവാന്‍, നുങ്ക, പാസ്സി, ജോര്‍ദാന്‍ എന്നിവര്‍ പുറത്തായപ്പോള്‍ ലിമ, സ്വാര്‍ഥക്, അന്‍കിത്, ജേക്ക് എന്നിവര്‍ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. കമല്‍ജീത്ത്, ജെറി, മൊബഷീര്‍, മഹേഷ്, വി പി സുഹൈര്‍, ക്ലൈറ്റന്‍, ക്യര്യാക്യൂ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനാണ് ഈസ്റ്റ് ബംഗാളിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. കൊല്‍ക്കത്തയിലെ സാല്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്ക് മത്സരത്തിന് കിക്കോഫാകും. സീസണില്‍ അഞ്ച് കളി ബാക്കിനില്‍ക്കേ പതിനെട്ട് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് മഞ്ഞപ്പട. ഇനിയുള്ള അഞ്ചില്‍ മൂന്നിലെങ്കിലും ജയിച്ചാലേ ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാനാവൂ. ഏറ്റുമുട്ടാനുള്ളവരില്‍ ഏറ്റവും ദുര്‍ബലരാണ് ഈസ്റ്റ് ബംഗാള്‍. ലീഗിലെ ഒന്‍പതാം സ്ഥാനക്കാരാണെങ്കിലും കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെ മറികടക്കുക അത്ര എളുപ്പം ആയിരിക്കില്ല എന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് താരങ്ങളോട് വ്യക്തമാക്കിക്കഴിഞ്ഞു. കൊച്ചിയില്‍ ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചിരുന്നു.