Asianet News MalayalamAsianet News Malayalam

ഒരു മയം വേണ്ടടേ...ബ്ലാസ്റ്റേഴ്‌സിനെതിരെ നാലടിച്ച് മുംബൈ സിറ്റി

ബ്ലാസ്റ്റേഴ്‌സ് മുന്‍താരം പെരേര ഡയസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഗ്രെഗ് സ്റ്റുവര്‍ട്ടും ബിപിന്‍ സിംഗുമാണ് മറ്റ് സ്കോറര്‍മാര്‍

ISL 2022 23 MCFC vs KBFC halftime report Mumbai City FC leaded by 4 goals as Jorge Pereyra Diaz scored double
Author
First Published Jan 8, 2023, 8:20 PM IST

മുംബൈ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഒരു മയവുമില്ലാതെ മുംബൈ സിറ്റി. കളിയാരംഭിച്ച് 22 മിനുറ്റിലൂടെ നാല് ഗോള്‍ നേടിയ മുംബൈ ടീം സ്വന്തം മൈതാനത്ത് ആദ്യപകുതിയില്‍ 4-0ന് ലീഡ് പിടിച്ചു. ബ്ലാസ്റ്റേഴ്‌സ് മുന്‍താരം പെരേര ഡയസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഗ്രെഗ് സ്റ്റുവര്‍ട്ടും ബിപിന്‍ സിംഗുമാണ് മറ്റ് സ്കോറര്‍മാര്‍. പ്രതിരോധത്തിലെ ബ്ലാസ്റ്റേഴ്‌സിന്‍റെ പാളിച്ചകളാണ് മുംബൈയുടെ തേരോട്ടത്തിന് വഴിയൊരുക്കിയത്. 45 മിനുറ്റിലും നാല് മിനുറ്റ് ഇഞ്ചുറിടൈമിലും ഒരു ഗോള്‍ പോലും മടക്കാന്‍ മഞ്ഞപ്പടയ്‌ക്കായില്ല. 

മാറ്റങ്ങള്‍ വിനയായി, പാളി പ്രതിരോധം

മുംബൈക്കെതിരെ  4-4-2 ശൈലിയിലാണ് ഇവാന്‍ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് ടീമിനെ അണിനിരത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഒഡിഷ എഫ്‌സിക്കെതിരെ പുറത്തിരുന്ന ഇവാന്‍ കല്യൂഷ്‌നി മടങ്ങിയെത്തിയപ്പോള്‍ ലെസ്‌കോവിച്ചും സസ്‌പെന്‍ഷന്‍ കാരണം സന്ദീപ് സിംഗും സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നില്ല. അപ്പോസ്തലോസ് ജിയാനു പകരക്കാരുടെ നിരയിലാണ്. പ്രഭ്‌സുഖന്‍ സിംഗ് ഗില്‍ ഗോള്‍ബാറിന് കീഴെ എത്തിയപ്പോള്‍ ഹര്‍മന്‍ജോത് സിംഗ് ഖബ്ര, വിക്‌ടര്‍ മോംഗില്‍, ഹോര്‍മിപാം, ജെസ്സല്‍ കാർണെയ്റോ, ജീക്‌സണ്‍ സിംഗ്, ഇവാന്‍ കല്യൂഷ്‌നി, സഹല്‍ അബ്‌ദുല്‍ സമദ്, അഡ്രിയാന്‍ ലൂണ, കെ പി രാഹുല്‍, ദിമിത്രിയോസ് ഡയമന്‍റക്കോസ് എന്നിവരാണ് ആദ്യ 11ല്‍ ഉള്ളത്. 

ബ്ലാസ്റ്റേഴ്‌സ് മുന്‍താരം പെരേര ഡയസിനെ ആക്രമണത്തിന് നിയോഗിച്ച് 4-2-3-1 ശൈലിയിലാണ് മുംബൈ സിറ്റി സ്വന്തം മൈതാനത്തിറങ്ങിയത്. ഗ്രെഗ് സ്റ്റുവർട്ട്, ബിപിൻ സിംഗ്, ലാലിയൻ‌സുവാല ചാംഗ്തേ എന്നീ പ്രധാന താരങ്ങള്‍ മുംബൈയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നു. മത്സരത്തിന്‍റെ പൂര്‍ണ നിയന്ത്രണം ആദ്യ 45 മിനുറ്റുകളില്‍ ഈ നാല്‍വര്‍ സംഘം മുംബൈയുടേതാക്കി മാറ്റി. 

22 മിനുറ്റിനിടെ ഗോള്‍ 4

കിക്കോഫായി നാലാം മിനുറ്റില്‍ ബിപിന്‍ സിംഗിന്‍റെ മുന്നേറ്റത്തിനൊടുവിലായിരുന്നു മുംബൈ സിറ്റി എഫ്‌സിയുടെ ആദ്യ ഗോള്‍. ഇടത് വിങ്ങിലൂടെ ബിപിന്‍ സിംഗ് നടത്തിയ നീക്കത്തിനൊടുവില്‍ സ്റ്റുവര്‍ട്ട് മറിച്ചുനല്‍കിയ പന്ത് പോസ്റ്റിലേക്ക് ബിപിന്‍ പായിച്ചെങ്കിലും ഗില്‍ രക്ഷകനായി. എന്നാല്‍ റീബൗണ്ടില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് മുന്‍താരം പെരേര ഡയസ് മുംബൈയെ സ്ലൈഡിംഗ് ഫിനിഷിലൂടെ മുന്നിലെത്തിച്ചു. സീസണില്‍ ഡയസിന്‍റെ ഏഴാം ഗോളാണിത്. 9-ാം മിനുറ്റില്‍ ദിമിത്രിയോസ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ മടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നാലെ 10-ാം മിനുറ്റില്‍ ലാലിയൻ‌സുവാല ചാംഗ്തേയുടെ വലത് വിങ്ങില്‍ നിന്നുള്ള നീളന്‍ ക്രോസില്‍ തലവെച്ച് ഗ്രെഗ് സ്റ്റുവര്‍ട്ട് മുംബൈയുടെ ലീഡ് രണ്ടാക്കി. 16-ാം മിനുറ്റില്‍ ഡയസിന്‍റെ അസിസ്റ്റില്‍ സുന്ദര ഫിനിഷിംഗിലൂടെ ബിപിന്‍ സിംഗും വല കുലുക്കി. 

അവിടംകൊണ്ടും മുംബൈയുടെ നീക്കത്തിന് തടയിടാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിനായില്ല. 22-ാം മിനുറ്റില്‍ ജാഹുവിന്‍റെ അസിസ്റ്റില്‍ പെരേര ഡയസ് മുംബൈയുടെ ഗോള്‍ നാലാക്കി. ജാഹു നീട്ടിനല്‍കിയ പന്തില്‍ ഡയസിന്‍റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം വിക്‌ടര്‍ മോംഗിലിന്‍റെ കാലില്‍ തട്ടി ഡിഫ്ലക്‌റ്റായാണ് ഗില്ലിനെ മറികടന്നത്. 44-ാം മിനുറ്റില്‍ പരിക്ക് കാരണം സ്റ്റുവര്‍ട്ടിനെ മുംബൈ പിന്‍വലിച്ചു. ആല്‍ബര്‍ട്ടോ നൊഗുവേരയാണ് പകരക്കാരനായി കളത്തിലെത്തിയത്. തൊട്ടുപിന്നാലെ ഡയസിനെ ഫൗള്‍ ചെയ്‌ത കെ പി രാഹുലിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഇതിനകം നാല് മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ താരത്തിന് അടുത്ത മത്സരം നഷ്‌ടമാകും. 

കല്യൂഷ്‌നി തിരിച്ചെത്തി; മുംബൈക്കെതിരെ മൂന്ന് മാറ്റങ്ങളോടെ ബ്ലാസ്റ്റേഴ്‌സ്

Follow Us:
Download App:
  • android
  • ios