അതേസമയം ഇന്നത്തെ ആദ്യ മത്സരത്തോടെ മുംബൈ സിറ്റി എഫ്‌സി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
ഗുവാഹത്തി: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെതിരെ ജയവുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. സീസണിലെ 11 മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ ആദ്യ ജയമാണിത്. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് എടികെയെ തോല്‍പിച്ചത്. 69-ാം മിനുറ്റില്‍ വില്‍മര്‍ ജോര്‍ദാനാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ വിജയഗോള്‍ നേടിയത്. ഇതോടെ സീസണില്‍ മൂന്ന് പോയിന്‍റുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അക്കൗണ്ട് തുറന്നു.
മുംബൈ സിറ്റി എഫ്‌സി വീണ്ടും മുന്നില്‍
അതേസമയം ഇന്നത്തെ ആദ്യ മത്സരത്തോടെ മുംബൈ സിറ്റി എഫ്‌സി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഒന്നിനെതിരെ രണ്ട് ഗോളിന് ചെന്നൈയിന്‍ എഫ്‌സിയെ മുംബൈ ടീം തോല്‍പിക്കുകയായിരുന്നു. മുംബൈ ഫുട്ബോള്‍ അരീനയിലായിരുന്നു മത്സരം. എതിര്‍ പാളയത്തില്‍ മുപ്പത്തിനാലാം മിനുറ്റില്‍ പീറ്റര്‍ സ്ലിസ്‌കോവിച്ചിന്‍റെ ഗോളില്‍ മുന്നിലെത്തിയത് ചെന്നൈയിനാണ്. എന്നാല്‍ പിന്നീട് ഇരട്ട ഗോളുമായി മുംബൈ സിറ്റി മത്സരം പിടിച്ചെടുക്കുകയായിരുന്നു. 38-ാം മിനുറ്റില്‍ ലാലിയന്‍സ്വാല ചാങ്തെയും 57-ാം മിനുറ്റില്‍ സൂപ്പര്‍ താരം ഗ്രെഗ് സ്റ്റുവര്‍ട്ടുമാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്.
ബോള്‍ പൊസിഷനിലും ടാര്‍ഗറ്റിലേക്കുള്ള ഷോട്ടിലും മേല്‍ക്കൈ നേടിയാണ് മുംബൈ സിറ്റിയുടെ ജയം. 56 ശതമാനം സമയം പന്ത് മുംബൈ താരങ്ങളുടെ കാലുകളിലുണ്ടായിരുന്നു. ഇതോടൊപ്പം എട്ട് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ മുംബൈ പായിച്ചപ്പോള്‍ ചെന്നൈയിന്‍റേത് നാലിലൊതുങ്ങി. പാസിംഗിലും മുന്നില്‍ മുംബൈയായിരുന്നു. പോയിന്‍റ് പട്ടികയില്‍ 11 കളിയില്‍ 27 പോയിന്‍റുമായാണ് മുംബൈ സിറ്റി ഒന്നാമത് തിരിച്ചെത്തിയത്. ഇത്രതന്നെ മത്സരങ്ങളില്‍ 25 പോയിന്‍റുള്ള ഹൈദരാബാദ് എഫ്‌സിയാണ് രണ്ടാമത്. തോറ്റെങ്കിലും 20 പോയിന്‍റുമായി എടികെ മൂന്നാമതുണ്ട്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അവസാന സ്ഥാനക്കാരാണ്.
ആ പതിവ് തെറ്റിയില്ല; ആശുപത്രിയില്‍ കുട്ടികള്‍ക്ക് ക്രിസ്‌മസ് സമ്മാനങ്ങളുമായി യുണൈറ്റഡ് താരങ്ങള്‍
