ആദ്യ പകുതിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹൈദരാബാദ് മുന്നിലായിരുന്നു. ജയത്തോടെ അഞ്ച് കളികളില്‍ മൂന്നാം ജയം സ്വന്തമാക്കിയാണ് ഹൈദരാബാദ് രണ്ടാമതെത്തിയത്. അഞ്ച് കളികളില്‍ നാലു പോയന്‍റുമായി നോര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്ത് തുടരുന്നു. 

മഡ്ഗാവ്: ഐഎസ്എല്ലില്‍(ISL 2021-22) നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ(North East United) ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വീഴ്ത്തി ഹൈദരാബാദ് എഫ് സി(Hyderabad FC) 10 പോയന്‍റുമയി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഹൈദരാബാദിനായി ബര്‍തൊലോമ്യു ഒഗ്ബെച്ചെ(Bartholomew Ogbeche) രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ചിംഗ്‌ലെസെന സിംഗും(Chinglensana Singh) അനികേത് ജാദവും(Aniket Jadhav), ജാവിയര്‍ സിവേറിയോയും(Javier Siverio) ഓരോ ഗോള്‍ വീതമടിച്ച് ഗോള്‍ പട്ടിക തികച്ചു. ലാന്‍ഡാന്‍മാവിയെ റാള്‍ട്ടെ(Laldanmawia Ralte) ആണ് നോര്‍ത്ത് ഈസ്റ്റിന്‍റെ ആശ്വാസ ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹൈദരാബാദ് മുന്നിലായിരുന്നു. ജയത്തോടെ അഞ്ച് കളികളില്‍ മൂന്നാം ജയം സ്വന്തമാക്കിയാണ് ഹൈദരാബാദ് രണ്ടാമതെത്തിയത്. അഞ്ച് കളികളില്‍ നാലു പോയന്‍റുമായി നോര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്ത് തുടരുന്നു.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഹൈദരാബാദിനായിരുന്നു കളിയില്‍ ആധിപത്യം. പന്ത്രണ്ടാം മിനിറ്റില്‍ ചിംഗ്‌ലെസെന സിംഗ് ഹൈദരാബാദിന് ലീഡ് നല്‍കി. എഡു ഗാര്‍ഷ്യ എടുത്ത ഫ്രീ കിക്ക് ക്രോസ് ബാറില്‍ തട്ടി മടങ്ങിയപ്പോള്‍ റീ ബൗണ്ടില്‍ നിന്നായിരുന്നു ചിംഗ്‌ലെസെനയുടെ ഗോള്‍.

ഹൈദരാബാദിന്‍റെ രണ്ടാം ഗോളിന് വഴിമരുന്നിട്ടതും എഡു ഗാര്‍ഷ്യ തന്നെയായിരുന്നു. എഡു ഗാര്‍ഷ്യയുടെ ക്രോസ് പ്രതിരോധനിരയില്‍ തട്ടി ദിശമാറി എത്തിയപ്പോള്‍ പിഴവുകളേതുമില്ലാതെ അത് ഒഗ്ബെച്ചെ അത് വലയിലാക്കി. രണ്ട് ഗോളിന് പിന്നിലായതോടെ തിരിച്ചടിക്കാന്‍ നോര്‍ത്ത് ഈസ്റ്റ് ശ്രമങ്ങള്‍ തുടങ്ങി.

ഒടുവില്‍ ആദ്യപകുതി തീരാന്‍ മൂന്ന് മിനിറ്റ് ബാക്കിയിരിക്കെ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഹൈദരാബാദിന്‍റെ പ്രതിരോധപ്പിഴവില്‍ നിന്ന് ലാന്‍ഡാന്‍മാവിയെ റാള്‍ട്ടെ നോര്‍ത്ത് ഈസ്റ്റിനായി ഒരു ഗോള്‍ മടക്കി. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് ഒഗ്ബെച്ചെയുടെ ഷോട്ട് നോര്‍ത്ത് ഈസ്റ്റിന്‍റെ പോസ്റ്റില്‍ തട്ടി മടങ്ങിയത് നോര്‍ത്ത് ഈസ്റ്റിന് ആശ്വാസമായി.

രണ്ടാം പകുതിയിലും ആക്രമണം കനപ്പിച്ച ഹൈദരാബാദ് 78-ാം മിനിറ്റില്‍ വീണ്ടും നോര്‍ത്ത് ഈസ്റ്റിന്‍റെ വലയനക്കി. ഒഗ്ബെച്ചെ തന്നെയായിരുന്നു സ്കോറര്‍. ഇഞ്ചുറി ടൈമില്‍ അങ്കിത് യാദവിലൂടെ ഒരു ഗോള്‍ കൂടി നോര്‍ത്ത് ഈസ്റ്റ് വലയില്‍ നിക്ഷേപിച്ചു. കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ ജാവിയര്‍ സിവേറിയോ ഹൈദരാബാദിന്‍റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി അഞ്ചാം ഗോളും നേടി.