ഉദ്ഘാടന മത്സരത്തിന് കൊച്ചി വേദിയാകുമെന്നും വാര്‍ത്താക്കുറിപ്പില്‍ ഉണ്ട്. ബ്ലാസ്റ്റേഴ്സുമായി ദീര്‍ഘകാല ബന്ധമാണ് ജിസിഡിഎ ആഗ്രഹിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജിസിഡിഎ പിന്തുണ നൽകുമെന്ന് ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള
കൊച്ചി: കൊച്ചി ഐഎസ്എൽ വേദിയാകുന്നതിലെ അനിശ്ചിതത്വം മാറി. ഒക്ടോബറില്‍ തുടങ്ങുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ (Kerala Blasters) എല്ലാ ഹോം മത്സരങ്ങളും കൊച്ചിയിൽ തന്നെ നടത്തുമെന്ന് ജിസിഡിഎയും ബ്ലാസ്റ്റേഴ്സും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഉദ്ഘാടന മത്സരത്തിന് കൊച്ചി വേദിയാകുമെന്നും വാര്‍ത്താക്കുറിപ്പില്‍ ഉണ്ട്. ബ്ലാസ്റ്റേഴ്സുമായി ദീര്‍ഘകാല ബന്ധമാണ് ജിസിഡിഎ ആഗ്രഹിക്കുന്നത്.
ബ്ലാസ്റ്റേഴ്സിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജിസിഡിഎ പിന്തുണ നൽകുമെന്ന് ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള വ്യക്തമാക്കി. ഓഗസ്റ്റ് മാസത്തിൽ ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ പരിശീലനം തുടങ്ങുമെന്നും ക്ലബ്ബ് അറിയിച്ചു. സ്റ്റേഡിയത്തിന്‍റെ മേൽക്കൂര പൊളിക്കുന്നതിനാല്‍ മത്സരം മാറ്റുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കാത്തിരുന്ന മറ്റൊരു വാര്‍ത്ത കൂടെ പുറത്ത് വന്നിരുന്നു. സെര്‍ബിയക്കാരന്‍ ഇവാന്‍ വുകോമാനോവിച്ച് (Ivan Vukomanovic) കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ (Kerala Blasters) പരിശീലകനായി തുടരാന്‍ ധാരണയായിട്ടുണ്ട്. 2025 വരെയാണ് പുതുക്കിയ കരാര്‍. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇക്കാര്യം പുറത്തുവിട്ടത്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നു.
അടുത്ത സീസണില്‍ കൊച്ചിയില്‍ ആരാധകര്‍ക്ക് മുന്നില്‍ കളിക്കുന്നത് ടീമിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കും. കരാര്‍ നീട്ടാനായതില്‍ സന്തോഷം മാത്രമേയൂള്ളുവെന്ന് വുകോമാനോവിച്ച് വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍.... ''ക്ലബിനുള്ളില്‍ പോസിറ്റീവായ എനര്‍ജിയുണ്ട്. വിജയകരമായി മുന്നോട്ടുപോകാനുള്ള ഇന്ധനം ക്ലബിനുള്ളില്‍ വേണ്ടുവോളമുണ്ടെന്ന് എനിക്ക് തുടക്കത്തില്‍ തന്നെ ബോധ്യമായിരുന്നു. ആരാധകരും കേരളം നന്നായി ആകര്‍ഷിച്ചു. കരാര്‍ പുതുക്കാനായതില്‍ പൂര്‍ണ തൃപ്തിയുണ്ട്. അടുത്ത സീസണില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു.'' വുകോമാനോവിച്ച് വ്യക്തമാക്കി.
