കൊച്ചി: ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകൻ ഇഷ്‌ഫാഖ് അഹമ്മദിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം മൈക്കൽ ചോപ്ര. ബ്ലാസ്റ്റേഴ്‌സിലേക്ക് താരങ്ങളെ എത്തിക്കാൻ ഏജന്റുമാരിൽ നിന്ന് ഇഷ്‌ഫാഖ് പണംപറ്റുന്നുവെന്നാണ് ട്വിറ്ററിലൂടെ ചോപ്രയുടെ ആരോപണം. 

എന്നാൽ ഇഷ്‌ഫാഖിന് പിന്തുണയുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്‍റ് രംഗത്തെത്തി. കളിക്കാരനായും പരിശീലകനായുമുള്ള ഇഷ്‌ഫാഖിന്റെ സേവനങ്ങളെ വിലമതിക്കുന്നുവെന്നും ആരോപണം ഉന്നയിച്ച ചോപ്രയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. 2014, 2016 സീസണുകളിൽ ചോപ്രയും ഇഷ്‌ഫാഖും കേരള ബ്ലാസ്റ്റേഴ്‌സിൽ സഹതാരങ്ങളായിരുന്നു. 

ന്യൂകാസിലിനും സണ്ടര്‍‌ലന്‍ഡിനുമായി കളിച്ചിട്ടുള്ള മൈക്കല്‍ ചോപ്ര 2014ലും 2016ലുമാണ് ബ്ലാസ്റ്റേഴ്‌സിനായി കളിച്ചത്. 10 മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് താരത്തിന് നേടാനായത്.