ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വിതമടിച്ച് സമനിലയിലായിരുന്നു. പതിനൊന്നാം മിനിറ്റില്‍ റോച്ചര്‍സെല്ലയിലൂടെ നോര്‍ത്ത് ഈസ്റ്റ് ആണ് ആദ്യം മുന്നിലെത്തിയത്. രണ്ട് മിനിറ്റിനകം റൊമാരിയോ ഗോവയെ ഒപ്പമെത്തിച്ചു.

ഫറ്റോര്‍ദ: ഐഎസ്എല്‍(ISL 2021-22) സീസണിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ എഫ് സി ഗോവയെ(FC Goa) വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്(NorthEast United FC). ഒരു ടീമുകളും നിശ്ചത സമയത്ത് ഓരോ ഗോള്‍ വീതമടിച്ച് സമനിലയായിരുന്ന മത്സരത്തിന്‍റെ അവസാന നിമിഷം ഖാസാ കമാറ(Khassa Camara) നേടിയ ലോംഗ് റേഞ്ച് ഗോളാണ് നോര്‍ത്ത് ഈസ്റ്റിന് സീസണിലെ ആദ്യ ജയമൊരുക്കിയത്.

ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വിതമടിച്ച് സമനിലയിലായിരുന്നു. പതിനൊന്നാം മിനിറ്റില്‍ റോച്ചര്‍സെല്ലയിലൂടെ നോര്‍ത്ത് ഈസ്റ്റ് ആണ് ആദ്യം മുന്നിലെത്തിയത്. രണ്ട് മിനിറ്റിനകം റൊമാരിയോ ഗോവയെ ഒപ്പമെത്തിച്ചു.

ഗോവ സമനില ഗോളടിച്ചതിന് പിന്നാലെ നോര്‍ത്ത് ഈസ്റ്റ് തുടര്‍ച്ചയായി ആക്രമിച്ചു. കൊറേയറുടെ ഗോളെന്നുറച്ച രണ്ട് തകര്‍പ്പന്‍ ഷോട്ടുകള്‍ ധീരജ് സിംഗ് രക്ഷപ്പെടുത്തി. 25-ാം മിനിറ്റില്‍ കൊറേയര്‍ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ധീരജ് വീണ്ടും രക്ഷകനായി.

പിന്നീട് ഇര ടീമുകളും തുടര്‍ച്ചയായി ആക്രമണ പ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞതോടെ മത്സരം ആവേശമായി. ആദ്യ പകുതിയില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ധീരതയോടെ നിന്ന ഗോള്‍ കീപ്പര്‍ ധീരജ് സിംഗാണ് ഗോവയെ കൂടുതല്‍ ഗോള്‍ വഴങ്ങാതെ കാത്തത്. രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു.

എന്നാല്‍ മത്സരം തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയിരിക്കെ കമാറ തൊടുത്ത ലോംഗ് റേഞ്ചര്‍ ഗോവയുടെ ഹൃദയം തകര്‍ത്ത് വലയില്‍ കയറി. ജയത്തോടെ നാലുകളില്‍ ഒരു ജയവും ഒരു സമനിലയും അടക്കം നാലു പോയന്‍റുമായി എട്ടാം സ്ഥാനത്തേക്ക് നോര്‍ത്ത് ഈസ്റ്റ് മുന്നേറിയപ്പോള്‍ മൂന്ന് കളികലില്‍ മൂന്നാം തോല്‍വി വഴങ്ങിയ ഗോവ അവസാന സ്ഥാനത്ത് തുടരുന്നു.