ചൊവ്വാഴ്ച ജര്‍മനിക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. അന്നുതന്നെ ഇറ്റലി, ഹംഗറിയേയും നേരിടും. അതേസമയം തുര്‍ക്കി, ഫറവോ ഐലന്‍ഡിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു.

റോം: യുവേഫ നേഷന്‍സ് ലീഗില്‍ (UEFA Nations League) ജര്‍മനി- ഇറ്റലി മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 70-ാം മിനിറ്റില്‍ ഇറ്റലി (Italy Football) ഗോള്‍ നേടി. ലോറന്‍സോ പെല്ലെഗ്രനിയാണ് അസൂറികള്‍ക്കായി വല കുലുക്കിയത്. എന്നാല്‍ മൂന്ന് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷങ്ങള്‍ക്ക് ആയുസ്. ജോഷ്വാ കിമ്മിഷ് ജര്‍മനിക്കായി സമനില ഗോള്‍ നേടി. ഗ്രൂപ്പില്‍ ഹംഗറിയാണ് മുന്നില്‍. 

ഇംംഗ്ലണ്ടിനെ (England Footballl) അട്ടിമറിച്ചാണ് ഹംഗറി ഒന്നാമതെത്തിയത്. എതിരില്ലാത ഒരു ഗോളിനായിരുന്നു ഫിഫ റാങ്കിംഗില്‍ 40-ാം സ്ഥാനത്തുള്ള ഹംഗറിയുടെ ജയം. ബുഡാപെസ്റ്റില്‍ നടന്ന മത്സരത്തില്‍ ഡൊമിനിക് സോബോസ്‌ലായ് ആണ് നിര്‍ണായക ഗോള്‍ നേടിയത്. 66-ാം മിനിറ്റിലായിരുന്നു ഗോള്‍. ഹംഗറി അറുപത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇംഗ്ലണ്ടിനെ തോല്‍പിക്കുന്നത്. യൂറോകപ്പിനിടെ കാണികള്‍ മോശമായി പെരുമാറിയതിനാല്‍ യുവേഫയുടെ ചട്ടമനുസരിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് മാത്രമായിരുന്നു സ്റ്റേഡിയത്തില്‍ പ്രവേശനം. 

ചൊവ്വാഴ്ച ജര്‍മനിക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. അന്നുതന്നെ ഇറ്റലി, ഹംഗറിയേയും നേരിടും. അതേസമയം തുര്‍ക്കി, ഫറവോ ദ്വീപിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. സെന്‍ഗിസ് ഉന്ദര്‍, ഹലീല്‍ ഡെര്‍വിസോഗ്ലു, സെര്‍ദാര്‍ ദര്‍സന്‍, മെരിഹ് ദെമിറാള്‍ എന്നിവരാണ് തുര്‍ക്കിയുടെ ഗോളുകള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ മൊന്റനെഗ്രോ എതിരില്ലാത്ത രണ്ട് ഗോലിന് റൊമാനിയയെ മറികടന്നു. 

കഴിഞ്ഞ ദിവസം നടന്ന പോര്‍ച്ചുഗല്‍- സ്‌പെയ്ന്‍ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. ആല്‍വാരോ മൊറാട്ടയുടെ ഗോളിലാണ് സ്‌പെയിന്‍ ലീഡെടുത്തത്. റിക്കാര്‍ഡോ ഹോര്‍ട്ടോയെയുടെ ഗോളിലൂടെ പോര്‍ച്ചുഗല്‍ സമനില കണ്ടെത്തി. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സ്‌പെയിനിനായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. 

പലതവണ ഗോളിന് അടുത്തെത്തിയെങ്കിലും പ്രതിരോധത്തില്‍ പെപ്പെയുടെ പ്രകടനം പോര്‍ച്ചുഗലിന്റെ രക്ഷക്കെത്തി. സമനിലയോടെ 2004നുശേഷം സ്‌പെയിനിനെ തോല്‍പ്പിക്കാനായിട്ടില്ലെന്ന മോശം റെക്കോര്‍ഡ് തിരുത്താനും പോര്‍ച്ചുഗലിനായില്ല.