മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ഉൾപ്പെടെയുള്ള പ്രമുഖരും ടാറ്റ ഗ്രൂപ്പ് തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഐ എസ് എല്ലിൽ നിന്ന് പിൻമാറാനുളള ജംഷെഡ്പൂർ എഫ് സിയുടെ തീരുമാനം ഞെട്ടിച്ചുവെന്ന് സുനിൽ ഛേത്രി പറഞ്ഞിരുന്നു.
ജംഷെഡ്പൂർ: ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറാനും സീനിയർ ടീമിനെ പൂർണമായി പിരിച്ചുവിടാനുമുള്ള തീരുമാനത്തിൽ നിന്ന് ടാറ്റാ ഗ്രൂപ്പ് പിന്തിരിയണമെന്ന് വികാരഭരിതമായി അഭ്യർത്ഥിച്ച് ജംഷെഡ്പൂർ എഫ്.സി താരങ്ങൾ. രണ്ട് ഇന്ത്യൻ ദേശീയ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ കളിക്കാരാണ് ക്ലബ് മാനേജ്‌മെന്‍റിന്‍റെ പെട്ടെന്നുള്ള നീക്കത്തിനെതിരെ ആശങ്കയുമായി രംഗത്തെത്തിയിരിക്കുന്നത്. ഐ.എസ്.എൽ സീസണിലെ പങ്കാളിത്ത ഫീസ് അടയ്ക്കാനുള്ള അവസാന സമയപരിധി പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് ഐ.എസ്.എല്ലിൽ നിന്ന് പിന്മാറുകയാണെന്നും ഒന്നാം നിര ടീമിനെ പിരിച്ചുവിടുകയാണെന്നും ജംഷെഡ്പൂര്‍ എഫ് സി അറിയിച്ചത്.
തനിക്ക് ഇത് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് മുൻ ഇന്ത്യൻ താരം പ്രണോയ് ഹാൽഡർ പിടിഐയോട് പറഞ്ഞു. ടാറ്റാ ഗ്രൂപ്പിൽ നിന്ന് ഒരിക്കലും ഇങ്ങനെ ഒരു തീരുമാനം പ്രതീക്ഷിച്ചതല്ല. ദയവായി ഈ തീരുമാനം പുനഃപരിശോധിക്കണം. ഒരു വലിയ തലമുറയ്ക്കുള്ള വേദിയാണ് ഐ.എസ്.എൽ. ടീം ലീഗിന്‍റെ ഭാഗമായി തുടരണമെന്നും പ്രണോയ് ഹാൽഡർ പറഞ്ഞു. 2021-22 സീസണിൽ ക്ലബ് ഐ.എസ്.എൽ ഷീൽഡ് നേടുമ്പോൾ താൻ ടീമിലുണ്ടായിരുന്നുവെന്നും നിഖിൽ ബർല, ആൽബിനോ ഗോമസ്, സനാൻ തുടങ്ങിയ ഉയർന്നുവരുന്ന നിരവധി ചെറുപ്പക്കാർക്ക് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത് ജംഷെഡ്പൂർ എഫ്.സിയും ടാറ്റ ഫുട്ബോൾ അക്കാഡമിയുമാണെന്നും ഹാൽഡർ പറഞ്ഞു.
ഇന്ത്യൻ ഗോൾകീപ്പർ ആൽബിനോ ഗോമസും ടാറ്റ ഗ്രൂപ്പിനോട് വികാരഭരിതമായാണ് സംസാരിച്ചത്. ഈ ക്ലബ് പൂട്ടുകയാണെന്ന വാർത്ത ദഹിക്കാൻ കഴിയുന്നില്ല. ഇത് ഒന്നോ രണ്ടോ വർഷത്തെ മാത്രം കാര്യമല്ല, ഇന്ത്യൻ ഫുട്ബോളിന്‍റെ ഭാവിയെക്കുറിച്ചുള്ള ചോദ്യമാണ്. കരിയറിലെ വലിയൊരു പരിക്കിൽ നിന്ന് തിരിച്ചുവരാൻ എന്നെ സഹായിച്ചതും ദേശീയ ടീം ജേഴ്സി അണിയാൻ അവസരമൊരുക്കിയതും ഈ ക്ലബ്ബാണ്-ആൽബിനോ വ്യക്തമാക്കി.
ജംഷെഡ്പൂർ പ്രാദേശിക താരവും ടി.എഫ്.എയിലൂടെ ഉയർന്നുവരികയും ചെയ്ത മിഡ്ഫീൽഡർ നിഖിൽ ബർലയും ടാറ്റ സ്റ്റീൽ മേധാവികൾ തീരുമാനം മാറ്റണമെന്നും ചെറുപ്പക്കാരായ കളിക്കാരുടെ ഭാവി ഇരുളടയ്ക്കരുതെന്നും അഭ്യർത്ഥിച്ചു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ഉൾപ്പെടെയുള്ള പ്രമുഖരും ടാറ്റ ഗ്രൂപ്പ് തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഐ എസ് എല്ലിൽ നിന്ന് പിൻമാറാനുളള ജംഷെഡ്പൂർ എഫ് സിയുടെ തീരുമാനം ഞെട്ടിച്ചുവെന്ന് സുനിൽ ഛേത്രി പറഞ്ഞിരുന്നു. ഇത്തരമൊരു ടീം പ്രവർത്തനം അവസാനിപ്പിക്കുന്നത് വലിയ ആഘാതമാണ്. ജംഷെഡ്പൂർ ടീം മാനേജ്മെന്‍റ് തീരുമാനം പുനപരിശോധിക്കണം. ഇത് മോശം ബിസിനസ് തീരുമാനം ആയേക്കാമെങ്കിലും ഇന്ത്യൻ ഫുട്ബോളിന്‍റെ നിലനിൽപിന് ടാറ്റ ഗ്രൂപ്പിന്‍റെ സാന്നിധ്യം ആവശ്യമാണെന്നും ഛേത്രി പറഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഡ്യൂറൻഡ് കപ്പിന് ശേഷം സീനിയർ ടീമിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണ് എന്നാണ് ജംഷെഡ്പൂർ എഫ് സി ടീം മാനേജ്മെന്‍റ് വ്യക്തമാക്കിയത്.
