ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് വിജയത്തുടക്കം. ഒഡീഷ എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചാണ് ജംഷഡ്പൂര്‍ ഐഎസ്എല്‍ പുതിയ സീസണില്‍ അരങ്ങേറിയത്. മത്സരത്തിന്റെ 55 മിനിറ്റും 10 പേരുമായിട്ടാണ് ആതിഥേയര്‍ കളിച്ചത്. 

16ാം മിനിറ്റില്‍ റാണ ഖരാമിയുടെ സെല്‍ഫ് ഗോളിലൂടെ ജംഷഡ്പൂര്‍ ലീഡ് നേടി. എന്നാല്‍ 35ാം മിനിറ്റില്‍ ബികാഷ് ജെയ്‌റു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ജംഷദ്പൂരിന്റെ പ്രകടനത്തെ പിന്നോട്ടടിപ്പിച്ചു. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം അരിഡാനെ സാന്റാനയിലൂടെ ഒഡീഷ ഒപ്പമെത്തി.  

പത്ത് പേരുമായി ചുരുങ്ങിയെങ്കിലും ആതിഥേയര്‍ ആക്രമിച്ചുതന്നെ കളിച്ചു. ഇതിന്റെ ഫലമായി മത്സരത്തിന്റെ 85ാം മിനിറ്റില്‍ സെര്‍ജിയോ കാസ്റ്റിലിലൂടെ ജംഷഡ്പൂര്‍ വിജയഗോള്‍ നേടി. നാളെ എഫ് സി ഗോവ, ചെന്നൈയിന്‍ എഫ്‌സിയെ നേരിടും.