Asianet News MalayalamAsianet News Malayalam

ആരാധകരെ ഞെട്ടിച്ച് ബാഴ്സ പ്രസിഡന്റ്; മെസ്സി ആഗ്രഹിക്കുന്നുവെങ്കില്‍ ക്ലബ്ബ് വിടാം

മെസ്സിക്ക് 2021 വരെ ബാഴ്സയുമായി കരാറുണ്ട്. രണ്ടു വർഷത്തെ കരാ‍ർ മെസ്സിക്ക് ശേഷിക്കുന്നുണ്ട്. പക്ഷേ, മെസ്സിക്ക് വേണമെങ്കിൽ ഈ സീസൺ അവസാനത്തോടെ തന്നെ ക്ലബ് വിടാം.

Josep Maria Bartomeu says Lionel Messi can leave the club
Author
Barcelona, First Published Sep 8, 2019, 11:12 AM IST

ബാഴ്സലോണ: ബാഴ്സലോണയെന്നാൽ ലിയോണൽ മെസ്സിയാണ് ആരാധക‍ർക്ക്. മെസ്സിയുടെ മികവിൽ മാത്രം ബാഴ്സലോണ നേടിയ വിജയങ്ങളും ട്രോഫികളും അത്രയേറയാണ്. എന്നാല്‍ ബാഴ്സ ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബെർതോമ്യൂ.

മെസ്സിക്ക് ഈ സീസൺ അവസാനത്തോടെ ടീം വിടാമെന്ന് ബെർതോമ്യൂ പറഞ്ഞു.  മെസ്സിയുടെ ഭാവിയില്‍ ആശങ്കയില്ലെന്നും വേണമെങ്കില്‍ ഈ സീസൺ അവസാനത്തോടെ താരത്തിന് ബാഴ്സ വിടാമെന്നും ക്ലബ് പ്രസിഡന്‍റ് പറഞ്ഞു. ക്ലബിന്‍റെ ഔദ്യോഗിക ചാനലിലാണ് ബെർതോമ്യു നിലപാട് വ്യക്തമാക്കിയത്.

മെസ്സിക്ക് 2021 വരെ ബാഴ്സയുമായി കരാറുണ്ട്. രണ്ടു വർഷത്തെ കരാ‍ർ മെസ്സിക്ക് ശേഷിക്കുന്നുണ്ട്. പക്ഷേ, മെസ്സിക്ക് വേണമെങ്കിൽ ഈ സീസൺ അവസാനത്തോടെ തന്നെ ക്ലബ് വിടാം. സാവി, കാർലെസ് പുയോൾ, ആന്ദ്രേസ് ഇനിയസ്റ്റ എന്നിവരോടും ഇതേനിലപാടാണ് ക്ലബ് സ്വീകരിച്ചത്. യുക്തമായ തീരുമാനമെടുക്കാൻ കളിക്കാർക്ക് സ്വാതന്ത്ര്യമുണ്ടെന്നും ബാഴ്സ പ്രസിഡന്‍റ് പറഞ്ഞു.

ബാഴ്സലോണ അക്കാദമിയിലൂടെ പ്രൊഫഷണൽ ഫുട്ബോളിലെത്തിയ മെസ്സി മറ്റൊരു ക്ലബിന് വേണ്ടി കളിച്ചിട്ടില്ല. 2004 മുതൽ സീനിയർ ടീമിൽ കളിക്കുന്ന താരം 453 കളിയിൽ നിന്ന് ക്ലബിനായി 419 ഗോൾ നേടിയിട്ടുണ്ട്. ഇക്കാലയളവിൽ അഞ്ച് ബാലണ്‍ ഡി ഓർ പുരസ്കാരവും മെസ്സി സ്വന്തമാക്കി. മിക്കപ്പോഴും ബാഴ്സയിലെ മികവിന്‍റെ പേരിൽ അർജന്റീനിയൻ ദേശീയ ടീമിൽ വിമ‍ർശനം ഏറ്റുവാങ്ങുകയും ചെയ്ത താരമാണ് മെസ്സി. പരിശീലനത്തിനിടെ പരുക്കേറ്റ മെസ്സി ഈ സീസണിൽ ഇതുവരെ ബാഴ്സയ്ക്കായി കളിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios