ടൂറിന്‍: സീരി എയില്‍ യുവന്റസ് കിരീടമുറപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ സാംപ്‌ഡോറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് യുവന്റസ് തുടര്‍ച്ചയായ ഒമ്പതാം തവണയും കിരീടം സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ ലാസിയോ ഒന്നിനെതിരെ അഞ്ച് ഗോളിന് വെറോണയെ തോല്‍പ്പിച്ചു. സിറൊ ഇമ്മൊബീല്‍ ഹാട്രിക് നേടി. ഇതോടെ ഗോള്‍ഡന്‍ ഷൂ പോരാട്ടത്തില്‍ താരം ക്രിസ്റ്റിയാനോയെ പിന്തള്ളി. മറ്റു മത്സരങ്ങളില്‍ നാപോളി, റോമ, ഉഡ്‌നീസെ ടീമുകളും ജയിച്ചു.

സാംപ്‌ഡോറിയക്കെതിരെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഫെഡറിക്കോ ബെര്‍ണാഡെച്ചി എന്നിവരാണ് യുവന്റസിന്റെ ഗോളുകള്‍ നേടിയത്. 36 മത്സരങ്ങളില്‍ 83 പോയിന്റാണ് യുവന്റസിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്റര്‍ മിനലാന് ഇത്രയും മത്സരങ്ങളില്‍ നിന്ന് 76 പോയിന്റാണുള്ളത്. 75 പോയിന്റുള്ള അറ്റലാന്റ മൂന്നാം സ്ഥാനത്താണ്. ക്രിസ്റ്റിയാനോയ്ക്ക് ലീഗില്‍ 31 ഗോളായി. എന്നാല്‍ ഇമ്മൊബീലിന് പോര്‍ച്ചുഗീസ് താരത്തെക്കാള്‍ മൂന്ന് ഗോളിന്റെ ലീഡുണ്ട്. വെറോണയ്‌ക്കെതിരെ നേടിയ മൂന്ന് ഗോളാണ് ഇമ്മൊബീലിന് ഗോള്‍ഡന്‍ ഷൂ പോരാട്ടത്തില്‍ ആധിപത്യം നല്‍കിയത്. സെര്‍ജെ മിലിങ്കോവിച്ച്, ജോവക്വിന്‍ കൊറിയ എന്നിവരാണ് ലാസിയുടെ മറ്റു ഗോളുകള്‍ നേടത്. 

റോമ ഒന്നിനെതിരെ രണ്ട് ഗോളിന് ഫിയോന്റീനയെ തോല്‍പ്പിച്ചു. ജോര്‍ദാന്‍ വെര്‍ടൂട്ടിന്റെ ഇരട്ടഗോളാണ് ജയമൊരുക്കിയത്. ഉഡ്‌നീസെ എതിരില്ലാത്ത ഒരു ഗോളിന് കാഗ്ലിയാരിയെ മറികടന്നു.