മെല്‍ബണ്‍: ക്രിക്കറ്റ് മത്സരത്തിനിടെ നായ ഗ്രൗണ്ടിലിറങ്ങുന്നതും മത്സരം തടസപ്പെടുന്നതും ആരാധകര്‍ കണ്ടിട്ടുണ്ടാവും. ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ ആവേശം മൂത്ത് പലപ്പോഴും ആരാധകരും ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങുകയും മത്സരം തടസപ്പെടുകയും ചെയ്യാറുണ്ട്.

എന്നാലിപ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഓസ്ട്രേലിയയില്‍ നടന്ന പ്രാദേശിക ഫുട്ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത് രണ്ട് കംഗാരുക്കളായിരുന്നു. ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ലീഗിന്റെ(എഎഫ്എല്‍) ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ ആണ് ആരാധകരെ അമ്പരപ്പിച്ചത്.

ന്യൂ സൗത്ത് വെയില്‍സില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെ ആണ് രണ്ട് കംഗാരുക്കള്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്. ഗ്രൗണ്ടിലേക്കെത്തിയ അപ്രതീക്ഷിത അതിഥികളെ കളിക്കാരും ആവേശത്തോടെ വരവേറ്റു. ട്വിറ്ററില്‍ ഇന്നലെ പങ്കുവെച്ച വീഡിയോ 43000 പേരാണ് ഇതുവരെ കണ്ടത്. വീഡിയോ കണ്ട പലരും രസകരമായ പ്രതികരണങ്ങളും അറിയിച്ചിട്ടുണ്ട്.

മുമ്പും സമാനമായ സംഭവങ്ങള്‍ ഓസ്ട്രേലിയയില്‍ ഉണ്ടായിട്ടുണ്ട്. 2018ല്‍ കാന്‍ബറയില്‍ നടന്ന വനിതാ ഫുട്ബോള്‍ മത്സരത്തിനിടെയും കംഗാരുക്കള്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയിരുന്നു. ഒരു കംഗാരു ഗോള്‍ പോസ്റ്റിന് നടുവിലായി കിടക്കുകയും ചെയ്തു. എന്നാല്‍ അന്ന് മത്സരത്തിന്റെ ഇടവേളയിലായിരുന്നു കംഗാരു ഗ്രൗണ്ടിലിറങ്ങിയത്.