മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ കളിക്കാന്‍ സന്നദ്ധത അറിയിച്ച് ജാപ്പനീസ് ഇതിഹാസതാരം കെയ്സുകെ ഹോണ്ട. ട്വിറ്ററിലൂടെയാണ് ഹോണ്ടയുടെ പ്രഖ്യാപനം. പ്രതിഫലം വേണ്ടെന്നും മഹത്തായ ക്ലബ്ബിൽ ചേരുകയാണ് ലക്ഷ്യമെന്നും ഹോണ്ട പറഞ്ഞു. 

ജൂലൈയിൽ ഓസ്‌ട്രേലിയന്‍ ക്ലബായ മെൽബൺ വിക്‌ടറിയിൽ നിന്ന് മാറിയതിന് ശേഷം ഒരു ടീമിലും ഹോണ്ട ചേര്‍ന്നിരുന്നില്ല. വിക്‌ടറിക്കായി 24 മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ ഹോണ്ട നേടിയിരുന്നു. ജപ്പാനായി 98 മത്സരങ്ങളിൽ കളിച്ച ഹോണ്ട 37 ഗോളും നേടി. നിലവില്‍ കംബോഡിയന്‍ ദേശീയ ടീം പരിശീലകന്‍ കൂടിയാണ് ഹോണ്ട. 

ഇറ്റലി, നെതര്‍ലന്‍ഡ്, റഷ്യ എന്നിവിടങ്ങളിലെ ലീഗുകളില്‍ കളിച്ചിട്ടുള്ള ഹോണ്ടയ്‌ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. റഷ്യന്‍ ലോകകപ്പില്‍ നിന്ന് ജപ്പാന്‍ പുറത്തായതോടെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് ഹോണ്ട വിരമിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഏഷ്യന്‍ താരമെന്ന നേട്ടം ഹോണ്ടയ്‌ക്കാണ്.