മത്സരം ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടെങ്കിലും ബംഗളൂരു എഫ്‌സിയുടെ ഹോംഗ്രൗണ്ടായ കണ്ഠീരവ സ്‌റ്റേഡിയം മഞ്ഞക്കടലായിരുന്നു. സ്റ്റേഡിയം മുഴുവന്‍ മഞ്ഞജേഴ്‌സിയില്‍ നിറഞ്ഞു.
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ അക്രമമുണ്ടായത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സ് ബിഎഫ്‌സി ആരാധകനെ വളഞ്ഞിട്ട് ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചെറുക്കാന്‍ കഴിയാതെ ബിഎഫ്‌സി ആരാധകര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വഴക്കുണ്ടാവാനുള്ള കാരണം എന്താണെന്ന് വ്യക്തമായിരുന്നില്ല.
എന്നാല്‍ പ്രകോപനത്തില്‍ തുടക്കമിട്ടത് മത്സരം കാണാനെത്തിയ ചില ബിഎഫ്‌സി ആരാധകരാണെന്നാണ് കണ്ടുനിന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകനും കൊച്ചി സ്വദേശിയുമായ ജെറിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വിശദകീരണമിങ്ങനെ. ''സ്റ്റേഡിയത്തിലെ നോര്‍ത്ത് അപ്പര്‍ സ്റ്റാന്‍ഡാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് അനുവദിച്ചിരുന്നത്. അതോടൊപ്പം പ്യൂമ സ്റ്റാന്‍ഡും അനുവദിച്ചിരുന്നു. ബംഗളൂരുവില്‍ താമസമാക്കിയ മലയാളികളും അവരുടെ കുടുംബങ്ങളുമൊക്കെയാണ് പ്യൂമ സ്റ്റാന്‍ഡില്‍ ഇരുന്ന് കളികണ്ടത്. നോര്‍ത്ത് അപ്പറില്‍ കേരളത്തില്‍ നിന്ന് യാത്ര ചെയ്‌തെത്തിയ ബ്ലാസ്റ്റേഴ്‌സ് ആരാധകരും. എന്നാല്‍ മത്സരം തുടങ്ങിയപ്പോള്‍ ബംഗളൂരു പ്രാദേശികവാസികളും പ്യൂമ സ്റ്റാന്‍ഡിലെത്തി.
ബിഎഫ്‌സിയെ പിന്തുണയ്ക്കുന്നവര്‍ ആണെങ്കില്‍ പോലും അവരുടെ ഔദ്യോഗിക ആരാധകവൃന്ദമായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസില്‍ ഉള്‍പ്പെട്ടവര്‍ ആയിരുന്നില്ല. മത്സരം തുടങ്ങിയപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. അവസാനിക്കാന്‍ സമയം പരിഹാസം തുടങ്ങി. പരിഹാസം അസഭ്യമായിമാറി. പരിഹാസം ഗൗരവമേറിയപ്പോഴാണ് ഞങ്ങള്‍ പ്യൂമ സ്റ്റാന്‍ഡിന്റെ ബാരിക്കേഡിനടുത്തേക്ക് പോയത്. ഞങ്ങള്‍ തിരിച്ച് ട്രോളുകയും ചെയ്തു. ഇതോടെ ബിഎഫ്‌സി ആരാധകര്‍ മോശം വാക്കുകളും ഉപയോഗിക്കാനും തുടങ്ങി. പിന്നാലെ സ്ത്രീകള്‍ക്ക് നേരെ കുപ്പിയെറിയാന്‍ തുടങ്ങി.
സംഭവം കൈവിട്ടുപോവുമെന്ന് തോന്നിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സ്‌റ്റേഡിയം വിടാന്‍ തുടങ്ങിയിരുന്നു. ഇതിനിടെ നാട്ടുകാരായ ബിഎഫ്‌സി ആരാധകര്‍ സ്ത്രീകള്‍ക്കും കുടുംബത്തിനും നേരെ തുപ്പാന്‍ തുടങ്ങി. അപ്പോഴാണ് കാര്യങ്ങള്‍ ശരിക്കും നിയന്ത്രണം വിട്ടത്. തുടര്‍ന്നാണ് വീഡിയോ വഴി ദൃശ്യങ്ങള്‍ പുറത്തായത്.'' ബ്ലാസ്റ്റേഴ്‌സ് ആരാധകന്‍ വ്യക്തമാക്കി.
കൊച്ചിയില്‍ കളിക്കുന്നത് പോലെ! ബംഗളൂരുവിന്റെ ഹോംഗ്രൗണ്ട് മഞ്ഞക്കടലാക്കി മഞ്ഞപ്പട ആരാധകര്‍- വീഡിയോ
മത്സരം ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടെങ്കിലും ബംഗളൂരു എഫ്‌സിയുടെ ഹോംഗ്രൗണ്ടായ കണ്ഠീരവ സ്‌റ്റേഡിയം മഞ്ഞക്കടലായിരുന്നു. സ്റ്റേഡിയം മുഴുവന്‍ മഞ്ഞജേഴ്‌സിയില്‍ നിറഞ്ഞു. ശരിക്കും ബാസ്റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടായ കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ മത്സരം നടക്കുന്നത് പോലെ. ഈ സീസണില്‍ ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ കാണികളെ കിട്ടിയ മത്സരം കൂടിയായിരുന്നു ഇന്നലത്തേത്. 28001 പേരാണ് തിങ്ങിനിറഞ്ഞിരുന്നത്.
