കൊച്ചി: ഐഎസ്എല്‍ ആറാം സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടീമിനെ പ്രഖ്യാപിച്ചു. ഇരുപത്തിയഞ്ച് അംഗ ടീമിനെയാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിച്ചത്. ടീമിന്റെ ജേഴ്‌സിയും പ്രകാശനം ചെയ്തു.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പ്ലേ ഓഫിലെത്തിച്ച ഡച്ച് പരിശീലകന്‍ എല്‍കോ ഷട്ടോരിയുടെ കീഴിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഒരുക്കം. നൈജീരിയന്‍ താരം ബെര്‍ത്തലോമിയോ ഒഗ്ബച്ചെയാണ് ടീമിന്റെ തുറുപ്പ്ചീട്ട്. കാമറൂണ്‍ താരം റാഫേല്‍ മെസ്സി ബൗളിയും മരിയോ ആര്‍ക്വസുമെല്ലാം ഇക്കുറി ടീമിന് മുതല്‍ക്കൂട്ടാകും. 

അണ്ടര്‍ 17 ലോകകപ്പ് താരം കെ പി രാഹുല്‍, ടി പി രഹനേഷ്, സഹല്‍ അബ്ദുല്‍ സമദ്, മുഹമ്മദ് റാഫി അടക്കം ആറ് മലയാളികളാണ് ഇത്തവണ ടീമിലുള്ളത്. ഒക്ടോബര്‍ ഇരുപതിന് കൊച്ചിയില്‍ എടികെയ്‌ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.

കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം: ഗോള്‍ കീപ്പര്‍മാര്‍- ബിലാല്‍ ഖാന്‍, ടി പി രഹനേഷ്, ഷിബിന്‍ രാജ്. പ്രതിരോധം- ജെയ്‌റോ റോഡ്രിഗസ്, ജിയാനി സ്വിവര്‍ലൂണ്‍, സന്ദേശ് ജിങ്കാന്‍, പ്രിതം സിങ്, ഡാരന്‍ കാല്‍ഡേരിയ, മുഹമ്മദ് റാകിപ്, ജെസ്സല്‍ കര്‍നൈറോ, ലാല്‍റുവാത്താര, അബ്ദുള്‍ ഹഖ്. മധ്യനിര- മുസ്തഫ നിങ്, മരിയോ അര്‍ക്വസ്, സെര്‍ജിയോ സിദോഞ, സാമുവല്‍ ലാല്‍മ്വാന്‍പിയ, സഹല്‍ അബ്ദു സമദ്, സത്യസെന്‍ സിങ്, കെ പ്രശാന്ത്, ഹാളിചരണ്‍ നര്‍സാരി, ജീക്‌സണ്‍ സിങ്. മുന്നേറ്റം- ബര്‍തളോമ്യൂ ഒഗ്ബഷെ, റാഫേല്‍ മെസി, കെ പി രാഹുല്‍, മുഹമ്മദ് റാഫി.