കൊച്ചി: ഐ എസ് എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച കേരളാ ബ്ലാസ്റ്റേഴ്സിന് ഇന്ന് അവസാന ഹോം മത്സരം. കൊച്ചിയില്‍ നടക്കുന്ന കളിയില്‍ ബംഗളൂരു എഫ്സിയാണ് എതിരാളികള്‍. 16 കളികളില്‍നിന്ന് 3 ജയം മാത്രമുള്ള കേരളാ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

ഇക്കുറി ഇനി ശേഷിക്കുന്നത് രണ്ട് മത്സരങ്ങള്‍ മാത്രം. ബംഗളൂരു, ഒഡീഷ ടീമുകള്‍ക്കെതിരെയുള്ള മത്സരങ്ങളുടെ ഫലം എന്തായാലും സീസണില്‍ മഞ്ഞപ്പടയ്ക്ക് ഒരു പ്രതീക്ഷയും വേണ്ട. ഇന്ന് കൊച്ചിയില്‍ ബംഗളൂരുവിനെതിരെ നടക്കുന്നത് ബ്ലാസ്റ്റേഴ്സിന്‍റെ അവസാന ഹോം മത്സരം കൂടിയാണ്. രാത്രി 7.30ന് നടക്കുന്ന കളിയില്‍ ജയിച്ച് ആരാധകരെ ത്രസിപ്പിക്കുകയെന്ന ലക്ഷ്യമാകും ഒഗ്ബച്ചെയ്ക്കും സംഘത്തിനുമുണ്ടാകുക. എവേ മത്സരത്തില്‍ ബംഗളൂരുവിനോട് തോറ്റതിന് പകരം വീട്ടിയാല്‍ അത്രയും ആശ്വാസം.

23ാം തീയതിയാണ് ഒ‍ഡീഷ എഫ്സിക്കെതിരായ സീസണിലെ അവസാന മത്സരം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. സന്ദേശ് ജിംഗാൻ, മാരിയോ ആര്‍ക്കേസ് ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ പരുക്കിന്‍റെ പിടിയിലായതോടെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് സീസണില്‍ തീര്‍ത്തും നിറംമങ്ങിയത്. എ ടി കെ.യെ രണ്ട് തവണയും ഹൈദരാബാദിനെ ഒരു പ്രാവശ്യവും തോല്‍പ്പിക്കാനായെന്നത് മാത്രമാണ് സീസണില്‍ ആരാധകര്‍ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. കടംതീര്‍ത്ത് കപ്പടിച്ച് കലിപ്പടക്കുന്ന ബ്ലാസ്റ്റേഴ്സിനെയാകും അടുത്ത സീസണില്‍ ആരാധകര്‍ സ്വപ്നം കാണുക.