Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍: എഫ്‌സി ഗോവയുടെ മൂന്നടിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തീര്‍ന്നു

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഗോവ രണ്ട് ഗോളിന് മുന്നിലെത്തി. 35-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍. കിക്കെടുത്ത ഇകെറിന് പിഴച്ചില്ല. സൗരവ് മണ്ഡല്‍, ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസിനെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്.

Kerala Blasters lost to FC Goa in Indian super league
Author
First Published Jan 22, 2023, 9:59 PM IST

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഇകര്‍ ഗുവാരോസെന, നോഹ് സദോയി, റെദീം ലാങ് എന്നിവരാണ് ഗോവയുടെ ഗോളുകള്‍ നേടിയത്. ദിമിത്രിയോസ് ഡയമന്റകോസിന്റെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഏകഗോള്‍. ജയത്തോടെ ഗോവ അഞ്ചാം സ്ഥാനത്തേക്ക് കയറി. 15 മത്സരങ്ങളില്‍ 23 പോയിന്റാണ് അവര്‍ക്കുള്ളത്. ബ്ലാസ്‌റ്റേഴ്‌സ് 25 പോയിന്റോടെ മുന്നാം സ്ഥാനത്ത് തുടരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഗോവ രണ്ട് ഗോളിന് മുന്നിലെത്തി. 35-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍. കിക്കെടുത്ത ഇകെറിന് പിഴച്ചില്ല. സൗരവ് മണ്ഡല്‍, ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസിനെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. 43-ാം മിനിറ്റില്‍ രണ്ടാം ഗോളും ഗോവ നേടി. പ്രതിരോധതാരം അന്‍വര്‍ അലി തുടങ്ങിവച്ച നീക്കമാണ് ഗോളില്‍ അവസാനിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ താരം സന്ദീപ് സിംഗിന്റെ പിഴവാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. വൈകാതെ ആദ്യപാതി അവസാനിച്ചു.

51-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഒരുഗോള്‍ തിരിച്ചടിച്ചു. അഡ്രിയാന്‍ ലൂണ ബോക്‌സിലേക്ക് നീട്ടിനല്‍കിയ ഫ്രീകിക്കില്‍ ഡയമന്റോകോസ് തല വെക്കുകയായിരുന്നു. മഞ്ഞപ്പട് രണ്ടാംപാതിയുടെ തുടക്കത്തില്‍ മത്സരത്തിലേക്ക് തിരിച്ചെത്തുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ 69-ാം മിനിറ്റില്‍ ഗോവയുടെ വിജയമുറപ്പിച്ച ഗോളെത്തി. പകരക്കാരനായി ഇറങ്ങിയ ലാംഗാണ് ഗോള്‍ നേടുന്നത്. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ നീക്കത്തിന് പിന്നാലെ നോഹ് നല്‍കിയ പാസാണ് താരം വലയിലെത്തിച്ചത്.

ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്തമത്സരം അവസാന സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായിട്ടാണ്. ആറ് മത്സരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിന് ഇനി അവശേഷിക്കുന്നത്. ഗോവ അടുത്ത വ്യാഴാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ നേരിടും.

ഹോക്കി ലോകകപ്പ്: ഇന്ത്യ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്! ന്യൂസിലന്‍ഡിനോട് തോറ്റത് സഡന്‍ ഡെത്തില്‍

Follow Us:
Download App:
  • android
  • ios