കൊച്ചി: ആരാധകര്‍ക്ക് ക്ലബുമായി ഇടപഴകാന്‍ പുതിയ സംവിധാനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. 'കെബിഎഫ്‌സി ട്രൈബ്‌സ്' എന്നപേരില്‍ ആരാധകര്‍ക്കായി പ്രത്യേക പ്ലാറ്റ്‌ഫോം ആരംഭിച്ചു. പുതിയ സംവിധാനത്തിലൂടെ ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ വാര്‍ത്തകളും പ്രവര്‍ത്തനങ്ങളും അറിയാന്‍ സാധിക്കും. https://keralablastersfc.in/ എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാം. 

പുതിയ സംവിധാനം വഴി താരങ്ങള്‍ക്ക് ശബ്ദസന്ദേശമയക്കാന്‍ ആരാധകര്‍ക്ക് സാധിക്കും. കൂടാതെ മത്സര ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും ക്ലബുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനും പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. ഓരോ പ്രവര്‍ത്തനത്തിനും ആരാധകര്‍ക്ക് ബ്ലാസ്റ്റഴ്‌സ് നാണയങ്ങള്‍ ലഭിക്കും. ഈ നാണയങ്ങള്‍ ഉപയോഗിച്ച് താരങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള അവസരമൊരുക്കും. 

ലോകമെമ്പാടും മികച്ച പിന്തുണ നല്‍കുന്ന ഒരു ആരാധക സമൂഹം ഉണ്ടായിരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മാര്‍ക്കറ്റിംഗ് ഹെഡ് ആന്‍മേരി തോമസ് പറഞ്ഞു. ക്ലബ്ബും ആരാധകരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുള്ള ഒരു ശ്രമമാണ് കെബിഎഫ്സി ട്രൈബ്‌സെന്നും ആന്‍മേരി കൂട്ടിച്ചേര്‍ത്തു.