കൊച്ചി: അടുത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ബംഗളൂരു എഫ്‌സിയില്‍ നിന്ന് വമ്പന്‍ താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത്. അവരുടെ പ്രതിരോധതാരമായ നിഷു കുമാര്‍ അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കും. ഐ ലീഗ്, ഐഎസ്എല്‍ ഉള്‍പ്പെടെ കഴിഞ്ഞ അഞ്ച് സീസണിലും ബംഗളൂരു എഫ്‌സിയുടെ താരമായിരുന്നു 22കാരന്‍. ജംഷഡ്പൂര്‍ എഫ് സിയുടെ സ്പാനിഷ് പ്രതിരോധതാരം തിരിയേയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.

അവസാന രണ്ട് ഐ എസ് എല്ലുകളിലായി 36 മത്സരങ്ങളില്‍ ബംഗളൂരുവിന്റെ ആദ്യ ഇലവനില്‍ കളിച്ചു. പ്രതിരോധ താരമായിരുന്നിട്ടും രണ്ട് ഗോളുകളും ഇതിനിടെ നിഷുകുമാര്‍ നേടി. ലോംഗ് റേഞ്ചറുകള്‍ ഗോളാക്കാന്‍ പ്രത്യേക കഴിവാണ് താരത്തിന്. ടീമില്‍ നിലനിര്‍ത്താനുള്ള ഓഫര്‍ ബംഗളൂരു മുന്നോട്ട് വച്ചെങ്കിലും താരം ബ്ലാസ്‌റ്റേഴ്‌സ് തിരിഞ്ഞെടുക്കുകയായിരുന്നു. മറ്റുരണ്ട് ടീമുകളും താരത്തിന് പിന്നാലെയുണ്ടായിരുന്നു.

ബംഗളൂരു എഫ് സിക്കായി എ എഫ് സി കപ്പില്‍ കളിച്ച പരിചയസമ്പത്തുള്ള നിഷുകുമാര്‍, അടുത്തിടെ ദേശീയ ടീമിലും അരങ്ങേറ്റം കുറിച്ചിരുന്നു. യുവതാരം ടീമിലെത്തുന്നതോടെ വരും സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം അതിശക്തമാകും. ലെഫ്റ്റ് ബാക്കായി കളിക്കുന്ന നിഷുവിന് റൈറ്റിലും കളിക്കുന്നതില്‍ ബുദ്ധിമുട്ടില്ല.