കൊച്ചി: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീം ഏഷ്യാ കപ്പ് ക്യാംപിലെ കളിക്കാർക്ക് പ്രോൽസാഹനവുമായി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ടീമിലെ മലയാളി താരങ്ങൾക്കൊപ്പം കോച്ച് ഇൽക്കോ ഷട്ടോരിയും കണ്ണുകെട്ടി പന്ത് തട്ടാൻ ഇറങ്ങി.

ഗോൾവല ലക്ഷ്യമാക്കി ആദ്യം പെനാൽട്ടി ബോക്സിൽ എത്തിയത് കോച്ച് ഇൽക്കോ ഷട്ടോരി. കളിക്കളത്തിൽ സമർത്ഥമായി തന്ത്രങ്ങൾ മെനയുന്ന കോച്ചിന് പക്ഷേ ഇവിടെ ഉന്നം പിഴച്ചു. പിന്നാലെ എത്തിയ രഹനേഷിനും ഷിബിനും സഹലിനും ഹക്കുവിനും കോച്ചിന്റെ അതേ ഗതി. ഗോൾവല ചലിപ്പിക്കാൻ ബ്ലൈൻഡ് ടീം താരങ്ങൾ അനുവദിച്ചില്ല. അവസാന ശ്രമവുമായി കോച്ച് വീണ്ടും പെനാൽറ്റി ബോക്സിൽ. ആദ്യ ഷോട്ടിൽ നിന്ന് പാഠം ഉൾകൊണ്ട ഷട്ടോരി ഇത്തവണ പന്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.

ബ്ലൈഡ് ഫുട്ബോൾ ടീം ക്യാമ്പിലെ കളിക്കാർക്ക് വിജയാശംസകൾ നേർന്ന് ഒരുമിച്ച് ഫോട്ടോ എടുത്താണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ മടങ്ങിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനാല് താരങ്ങളാണ് ക്യാമ്പിലുള്ളത്.