മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും മലപ്പുറം (Malappuram) കോട്ടപ്പടി സ്റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍. കേരളം നാളെ ആദ്യ മത്സരത്തില്‍ രാജസ്ഥാനെ നേരിടും. രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ആദ്യ മത്സരം.

മലപ്പുറം: കേരളം വേദിയാവുന്ന സന്തോഷ് ട്രോഫി (Santosh Trophy) ഫുട്‌ബോളിന് നാളെ തുടക്കം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും മലപ്പുറം (Malappuram) കോട്ടപ്പടി സ്റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍. കേരളം നാളെ ആദ്യ മത്സരത്തില്‍ രാജസ്ഥാനെ നേരിടും. രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ആദ്യ മത്സരം. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ബംഗാള്‍ രാവിലെ ഒന്‍പതരയ്ക്ക് പഞ്ചാബിനെ നേരിടും. 

തിങ്കളാഴ്ച ബംഗാളിനെതിരെയാണ് കേരളത്തിന്റെ രണ്ടാം മത്സരം. മേഘാലയയും പഞ്ചാബുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തിന്റെ മറ്റ് എതിരാളികള്‍. മേയ് രണ്ടിനാണ് ഫൈനല്‍. ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി പ്രൊമോഷണല്‍ വീഡിയോ നേരത്തെ പുറത്തിറക്കിയിരുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയാണ് പ്രൊമോ പ്രകാശനം ചെയ്തത്. 

കായിക മന്ത്രി വി.അബ്ദുറഹിമാന്‍, മുന്‍ താരങ്ങളായ ഐ.എം വിജയന്‍, യു.ഷറഫലി, ഹബീബ് റഹ്മാന്‍, സൂപ്പര്‍ അഷ്‌റഫ് ഉള്‍പ്പടെയുള്ളവരാണ് പ്രൊമോഷണല്‍ വീഡിയോയിലുള്ളത്. നിരവധി കുട്ടികളും പ്രൊമോഷണല്‍ വീഡിയോയുടെ ഭാഗമാണ്. അതേസമയം, സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജിജോ ജോസഫാണ് കേരളത്തെ നയിക്കുന്നത്. 

കേരള ടീം: മിഥുന്‍ വി, എസ് ഹജ്മല്‍ (ഗോള്‍ കീപ്പര്‍മാര്‍). സഞ്ജു ജി, സോയില്‍ ജോഷി, ബിബിന്‍ അജയന്‍, അജയ് അലക്‌സ്, മുഹമ്മദ് സഹീഫ്, പി ടി മുഹമ്മദ് ബാസിത് (പ്രതിരോധം). അര്‍ജുന്‍ ജയരാജ്, അഖില്‍ പി, സല്‍മാന്‍, ഫസലു റഹ്മാന്‍, എന്‍ എസ് ഷിഗില്‍, പി എന്‍ നൗഫല്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റാഷിദ്, ജിജോ ജോസഫ് (മധ്യനിര). എം വിഗ്നേഷ്, ജെസിന്‍, മുഹമ്മദ് ഷഫ്നാസ് (മുന്നേറ്റം).