Asianet News MalayalamAsianet News Malayalam

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ കേരളത്തില്‍

75 -  മത് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് അടുത്ത വര്‍ഷം ആദ്യമാണ് നടക്കുക. ഫൈനൽ ഉൾപ്പെടെ 23 മത്സരങ്ങൾ ഉണ്ടാവും. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ ഫൈനല്‍ നടക്കും.

 

Kerala to host Santosh Trophy final round matches next year
Author
Thiruvananthapuram, First Published Sep 20, 2021, 6:06 PM IST

തിരുവനന്തപുരം:  ഇത്തവണത്തെ സന്തോഷ് ട്രോഫി(Santosh Trophy) ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ദേശീയ  ജൂനിയര്‍, സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകളും കേരളത്തില്‍ നടത്തുമെന്നും കായികമന്ത്രി വി അബ്ദുറഹിമാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ലോക വനിതാ ഫുട്‌ബോളിലെ 4 പ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബറില്‍ കൊച്ചിയില്‍ നടത്തും.  75 -  മത് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് അടുത്ത വര്‍ഷം ആദ്യമാണ് നടക്കുക. ഫൈനൽ ഉൾപ്പെടെ 23 മത്സരങ്ങൾ ഉണ്ടാവും. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ ഫൈനല്‍ നടക്കും.

വനിതാ അന്താരാഷ്ട്ര സീനിയര്‍ ടൂര്‍ണമെന്‍റില്‍ ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമും പങ്കെടുക്കും. ഏഴ് മത്സരങ്ങളാണ് ഉണ്ടാവുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന ദേശീയ സബ് ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ ഏകദേശം 40 മത്സരങ്ങള്‍ വീതം ഉണ്ടാകും.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന്‍റെ ക്യാമ്പ് കേരളത്തില്‍ നടത്താന്‍ എ ഐ എഫ് എഫ് തയ്യാറാണ്. ആഴ്ചയില്‍ ഒരു ദിവസം, പ്രാദേശിക ടീമുകള്‍ക്ക് ദേശീയ ടീമുമായി മത്സരിക്കാനും അവസരം നല്‍കും. ദേശീയ വനിതാ സീനിയര്‍ ടീം ക്യാമ്പും കേരളത്തില്‍ നടക്കും.

പ്രാദേശിക തലം മുതല്‍ സംസ്ഥാനതലം വരെ ബേബി ലീഗും ജൂനിയര്‍, സീനിയര്‍ ലീഗുകളും സംഘടിപ്പിക്കാന്‍ എ ഐ എഫ് എഫ് പിന്തുണ നല്‍കും. ബംഗാളില്‍ ഈ പദ്ധതി ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ ജേതാക്കളാകുന്ന ടീമുകള്‍ ജില്ലാ തലത്തില്‍ മത്സരിക്കും. അവിടെ ജേതാക്കളാകുന്ന 14 ടീമുകള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കും. എ ഐ എഫ് എഫ് ആയിരിക്കും ഈ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക.

ഫുട്‌ബോള്‍ കോച്ചുമാര്‍ക്ക് പരിശീലനം നല്‍കാനുള്ള പരിശീലന ക്ലാസുകള്‍ക്ക് എ ഐ എഫ് എഫ് മുന്‍കൈയെടുക്കും. കോച്ചിങ്ങ് ലൈസന്‍സുകള്‍ ലഭിക്കാന്‍ പരിശീലകരെ പ്രാപ്തരാക്കുന്നതാകും ഈ ക്ലാസുകള്‍. ദേശീയ പരിശീലകരുടെ സേവനം ഉള്‍പ്പെടെ ഈ ക്ലാസുകളില്‍ എ ഐ എഫ് എഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്. റഫറിമാര്‍ക്കുള്ള പരിശീലനത്തിനും സഹകരണം ലഭ്യമാക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona .

Follow Us:
Download App:
  • android
  • ios