പാരിസ്: റയല്‍ മാഡ്രിഡ് ഗോള്‍കീപ്പര്‍ കെയ്‍‍ലര്‍ നവാസ് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ ചേര്‍ന്നു. 15 ദശലക്ഷം യൂറോയ്‌ക്കാണ് റയൽ മാഡ്രിഡിൽ നിന്ന് നവാസിനെ പിഎസ്ജി സ്വന്തമാക്കിയത്. പിഎസ്ജിയുടെ രണ്ടാം ഗോളിയായ അൽഫോന്‍സ് അരിയോളയെ റയലിന് കൈമാറുകയും ചെയ്തു.

2018ൽ ചാമ്പ്യന്‍സ് ലീഗിലെ മികച്ച ഗോളിക്കുള്ള യുവേഫ പുരസ്‌കാരം നേടിയ നവാസ് മൂന്ന് ചാമ്പ്യന്‍സ് ലീഗ് ജയങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. 32കാരനായ നവാസ് കോസ്റ്ററിക്കയുടെ ഗോളിയാണ്. നാല് വര്‍ഷത്തേക്കാണ് നവാസിന് പിഎസ്‌ജിയില്‍ കരാര്‍. 

ഇന്‍റര്‍ മിലാന്‍ ഫോര്‍വേഡും മുന്‍ നായകനുമായ മൗറോ ഇക്കാര്‍ഡിയെയും പിഎസ്ജി സ്വന്തമാക്കി. താരക്കൈമാറ്റത്തിനുള്ള സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് ഇക്കാര്‍ഡിയെ വായ്‌പാടിസ്ഥാനത്തിൽ ഫ്രഞ്ച് ക്ലബ്ബിലെത്തിച്ചത്.

കഴിഞ്ഞ അഞ്ച് സീസണിലും ഇന്‍ററിന്‍റെ ടോപ്സ്കോറര്‍ ആയിരുന്നു ഇക്കാര്‍ഡി. എന്നാല്‍ ആരാധകരുമായി ഇടഞ്ഞ ഇക്കാര്‍ഡി ക്ലബ്ബിൽ കുറെനാളായി പിന്തുണ ഇല്ലാതെ ഒറ്റപ്പെട്ടിരുന്നു. 26കാരനായ ഇക്കാര്‍ഡി 219 കളിയിൽ ഇന്‍ററിനായി 124 ഗോള്‍ നേടിയിട്ടുണ്ട്.