ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ 27-ാം റൗണ്ടിൽ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍. ഇന്ത്യന്‍ സമയം വൈകിട്ട് ആറ് മണിക്ക് ടോട്ടനം മുന്‍ ചാമ്പ്യന്മാരായ ചെൽസിയെ നേരിടും. ചെൽസി മൈതാനത്താണ് മത്സരം. ചെൽസിയെ പ്രീമിയര്‍ ലീഗ് ജേതാക്കളാക്കിയിട്ടുള്ള പരിശീലകനാണ് നിലവിലെ ടോട്ടനം കോച്ച് മൗറീഞ്ഞോ. ലീഗിലെ നാലാംസ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം കൂടിയാണ് ഇന്നത്തേത്. നിലവില്‍ 41 പോയിന്‍റുമായി ചെൽസി നാലാമതും 40 പോയിന്‍റുള്ള ടോട്ടനം അഞ്ചാം സ്ഥാനത്തുമാണ്.

സിറ്റിക്കും ഇന്ന് അങ്കം; എതിരാളി ലെസ്റ്റര്‍

രാത്രി 11 മണിക്ക് നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ നേരിടും. 54 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതും 50 പോയിന്‍റുള്ള ലെസ്റ്റര്‍ മൂന്നാം സ്ഥാനത്തുമാണ്. ലീഗില്‍ ബഹുദൂരം മുന്നിലുള്ള ലിവര്‍പൂളിന്‍റെ അടുത്ത മത്സരം തിങ്കളാഴ്‌ച രാത്രിയാണ്. 76 പോയിന്‍റുമായാണ് ലിവര്‍പൂള്‍ കുതിക്കുന്നത്. 

നിര്‍ണായക പോരിന് റയലും ബാഴ്‌സയും

സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡും ബാഴ്‌സലോണയും ഇന്നിറങ്ങും. ബാഴ്‌സലോണയുടെ എതിരാളികള്‍ ഐബര്‍ ആണ്. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം. റയൽ മാഡ്രി‍ഡ് ലെവാന്‍റെയെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് മത്സരം. നിലവില്‍ 24 കളിയിൽ 53 പോയിന്‍റുമായി റയൽ ഒന്നാമതും 52 പോയിന്‍റുളള ബാഴ്‌സ രണ്ടാംസ്ഥാനത്തുമാണ്.

ഇറ്റലിയില്‍ ലീഡുയര്‍ത്താന്‍ യുവന്‍റസ്

ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്‍റസ് ഇന്നിറങ്ങും. സ്‌പാൽ ആണ് യുവന്‍റസിന്‍റെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 10.30ന് കളി തുടങ്ങും. ഒന്നാമതുള്ള യുവന്‍റസിന് 57 ഉം അവസാനക്കാരായ സ്‌പാലിന് 15 ഉം പോയിന്‍റാണുള്ളത്. 56 പോയിന്‍റുമായി ലാസിയോ യുവന്‍റസിന് തൊട്ടുപിന്നിലുണ്ട്.