ബാഴ്‌സലോണ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ വിജയവഴിയിലെത്താൻ നിലവിലെ ചാമ്പ്യൻമാരായ ബാഴ്‌സലോണ ഇന്നിറങ്ങും. ഹോം ഗ്രൗണ്ടിൽ വിയ്യാ റയലാണ് ബാഴ്‌സയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്‌ക്കാണ് കളി തുടങ്ങുക. ഗ്രനാഡയ്ക്കെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ അഞ്ച് കളിയിൽ നിന്ന് ഏഴു പോയിന്‍റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ് ബാഴ്‌‌സലോണ. 

ഒസ്‌മാൻ ഡെംബലേ പരുക്ക് മാറിയെത്തുമ്പോൾ ഇവാൻ റാക്കിട്ടിച്ച് കളിക്കില്ല. മെസ്സി, സുവാരസ്, ഗ്രീസ്മാൻ, അൻസു ഫാറ്റി, ഫ്രെങ്കി ഡുജോംഗ് തുടങ്ങിയവരും ബാഴ്സ നിരയിലുണ്ടാവും. ലീഗിൽ ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് കോച്ച് ഏണസ്റ്റോ വെൽവെർദേ കടുത്ത സമ്മർദത്തിലാണ്.

റയൽ മാഡ്രിഡ് നാളെ ഒസസൂനയെ നേരിടും. പരുക്ക് മാറിയ ലൂക്ക മോഡ്രിച്ച്, മാർസലോ, ഇസ്‌കോ എന്നിവർ റയൽ നിരയിൽ തിരിച്ചെത്തും.