വലന്‍സിയ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിനെ ഞെട്ടിച്ച് ലെവന്‍റെ. സ്‌പാനിഷ് വമ്പന്മാരെ എതിരില്ലാത്ത ഒരു ഗോളിനാണ് ലെവന്‍റെ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളുകൾ നേടിയില്ല. 79-ാം മിനുട്ടിൽ ലൂയി മോറൽസിലൂടെയാണ് ലെവന്‍റെ വിജയഗോൾ നേടിയത്. 

കിട്ടിയ അവസരങ്ങൾ മുതലാക്കാത്തതും പുതിയ അവസരങ്ങൾ സൃഷ്ടിക്കാത്തതുമാണ് റയലിന് വിനയായത്. സൂപ്പർതാരം എഡൻ ഹസാർഡ് പരിക്കുപറ്റി പുറത്തായതും റയലിന് തിരിച്ചടിയായി. തോൽവിയോടെ 53 പോയിന്‍റുമായി പട്ടികയിൽ റയൽ രണ്ടാംസ്ഥാനത്ത് തുടരും. 25 കളിയില്‍ 55 പോയിന്‍റുമായി ബാഴ്‌സലോണയാണ് പട്ടികയിൽ മുന്നിൽ. ലെവന്‍റെ പത്താം സ്ഥാനത്താണ്.

നാലടിച്ച് മെസി മാജിക്

ലിയോണല്‍ മെസിയുടെ നാലടി മികവില്‍ ഐബറിനെ അഞ്ച് ഗോളിന് തകര്‍ത്താണ് ബാഴ്‌സലോണ പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തിയത്. നാല് കളിയിലെ ഗോള്‍വരള്‍ച്ചയ്‌ക്കായിരുന്നു നാല് ഗോളടിച്ച് ലിയോണല്‍ മെസിയുടെ മാസ് മറുപടി. ലീഗില്‍ ബാഴ്‌സലോണയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്.

കരിയറിന്‍റെ അവസാനകാലമെന്നൊക്കെ വിമര്‍ശിക്കുന്നവര്‍ക്ക് 14-ാം മിനിറ്റ് മുതലേ മെസി മാജിക്ക് കാണാനായി. 37-ാം മിനിറ്റില്‍ ലീ‍ഡുയര്‍ത്തി. മൂന്ന് മിനിറ്റിനിപ്പുറം ഗോള്‍വലയ്‌ക്ക് മുന്നിൽ ഗ്രീസ്‌മാന് പന്ത് കൈമാറിയെങ്കിലും ഇതിഹാസതാരത്തിന്‍റെ ഹാട്രിക്കില്‍ കലാശിച്ചു. ലാ ലിഗയിൽ ബാഴ്‌സക്കായി മെസിയുടെ മുപ്പത്തിയാറാം ഹാട്രിക്കാണിത്. 87-ാം മിനിറ്റില്‍ മെസി ഗോള്‍പ്പട്ടിക തികച്ചു. രണ്ട് മിനുറ്റിനപ്പുറം ആര്‍തര്‍ മെലോയിലൂടെ ബാഴ്‌സയുടെ ജയം സമ്പൂര്‍ണം.