മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്‌ബോളിൽ കരുത്തരായ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് സെൽറ്റാ വിഗോ. ഇരുടീമുകളും രണ്ടുഗോളുകൾ വീതം നേടി. കളിയുടെ ഏഴാം മിനുട്ടിൽ ഫിയോദർ സ്മോലവിലൂടെ സെൽറ്റാ മുന്നിലെത്തി. 52-ാം മിനുട്ടിൽ ടോണി ക്രൂസിലൂടെ ഒപ്പമെത്തിയ റയല്‍ 65-ാം മിനുട്ടിൽ സെർജിയോ റാമോസിലൂടെ ലീഡുയർത്തി. എന്നാല്‍ അഞ്ച് മിനുട്ട് ബാക്കിനിൽക്കെ സാന്‍റി മിനാ സെൽറ്റയെ രക്ഷിച്ചു.

പരിക്ക് ഭേദമായ എ‍ഡൻ ഹസാർഡ് റയലിൽ തിരിച്ചെത്തി. നിലവിൽ 24 മത്സരങ്ങളിൽ നിന്നായി 53 പോയിന്‍റുള്ള റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമതാണ്. തൊട്ടുപിന്നാലെ 52 പോയിന്‍റുമായി ബാഴ്‌സലോണ രണ്ടാംസ്ഥാനത്തുണ്ട്. സമനിലയോടെ സെൽറ്റ പോയിന്‍റ് പട്ടികയിൽ 20ൽ നിന്ന് പതിനേഴാം സ്ഥാനത്തെത്തി.

ഇറ്റലിയില്‍ യുവന്‍റസിന് ആധികാരിക ജയം

അതേസമയം ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ യുവന്‍റസ് ആധികാരിക ജയം സ്വന്തമാക്കി. ബ്രെസിയയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് യുവന്‍റസ് തകര്‍ത്തു. ഇരുപകുതികളിലും ഒരു ഗോള്‍ വീതം യുവന്‍റസ് നേടി. 38-ാം മിനിറ്റില്‍ പൗളോ ഡിബാല യുവന്‍റസിനെ മുന്നിലെത്തിച്ചു. 75-ാം മിനുറ്റില്‍ യുവാന്‍ ക്വാഡ്രഡോ യുവന്‍റസിന്‍റെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി

24 കളിയിൽ യുവന്‍റസിന് 57 പോയിന്‍റുണ്ട്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വിശ്രമം നൽകിയാണ് യുവന്‍റസ് സ്വന്തം തട്ടകത്തിലിറങ്ങിയത്.