ക്യാംപ് നൂ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്‌സലോണയ്‌ക്ക് ജയം. ബാഴ്‌സലോണ രണ്ടിനെതിരെ അഞ്ച് ഗോളിന് റയൽ ബെറ്റിസിനെ തോൽപിച്ചു. പകരക്കാരനായി ഇറങ്ങിയ ക്യാപ്റ്റൻ ലിയണൽ മെസി രണ്ട് ഗോൾ നേടി. ഒസ്മാൻ ഡെംബലേ, അന്റോയ്ൻ ഗ്രീസ്മാൻ, പെഡ്രി എന്നിവരാണ് ബാഴ്സലോണയുടെ മറ്റ് ഗോളുകൾ നേടിയത്. ജയത്തോടെ ബാഴ്സലോണ ലീഗിൽ എട്ടാം സ്ഥാനത്തെത്തി. 

പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡ്

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയം സ്വന്തമാക്കി. യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് എവർട്ടനെ തോൽപിച്ചു. ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ടഗോൾ മികവിലാണ് യുണൈറ്റഡിന്റെ ജയം. എഡിൻസൻ കവാനിയാണ് മൂന്നാം ഗോൾ നേടിയത്. ഏഴ് കളിയിൽ പത്ത് പോയിന്റുള്ള യുണൈറ്റഡ് ലീഗിൽ പതിനാലാം സ്ഥാനത്താണിപ്പോൾ.

ചെല്‍സിയും തകര്‍ത്തു

പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ മുൻ ചാമ്പ്യൻമാരായ ചെൽസിക്ക് തകർപ്പൻ ജയം. ചെൽസി ഒന്നിനെതിരെ നാല് ഗോളിന് ഷെഫീൽഡ് യുണൈറ്റഡിനെ തോൽപിച്ചു. ടാമി അബ്രഹാം, ബെൻ ചിൽവെൽ, തിയാഗോ സിൽവ, തിമോ വെർണ‌ർ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. 15 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണിപ്പോൾ ചെൽസി. സതാംപ്‌ടണും ലിവര്‍പൂളുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.