എൽ ക്ലാസിക്കോയിൽ റയലിനോട് തോറ്റ ബാഴ്സലോണ ലീഗിൽ ഒൻപതാം സ്ഥാനത്താണിപ്പോൾ
മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ(La Liga) ബാഴ്‌സലോണയും റയൽ മാഡ്രിഡും ഇന്നിറങ്ങും. ബാഴ്‌സലോണ രാത്രി പത്തരയ്ക്ക് തുടങ്ങുന്ന കളിയിൽ റയോ വയേകാനോയെ(Rayo Vallecano vs Barcelona) നേരിടും. സെർജിയോ അഗ്യൂറോ(Sergio Aguero) ആദ്യ ഇലവനിൽ എത്തിയേക്കും. എൽ ക്ലാസിക്കോയിൽ റയലിനോട് തോറ്റ ബാഴ്സലോണ ലീഗിൽ ഒൻപതാം സ്ഥാനത്താണിപ്പോൾ. റയൽ മാഡ്രിഡിന് ഒസാസുനയാണ്(Real Madrid vs Osasuna) എതിരാളികൾ. രാത്രി ഒരുമണിക്ക് റയലിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.
20 പോയിന്‍റുള്ള റയൽ ലീഗിൽ രണ്ടാം സ്ഥാനത്താണിപ്പോൾ. 21 പോയിന്‍റുള്ള റയൽ സോസിഡാഡാണ് ഒന്നാം സ്ഥാനത്ത്.
ജർമൻ കപ്പ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിന് ഇന്ന് രണ്ടാം മത്സരം. ബൊറൂസ്യ മോഞ്ചൻഗ്ലാഡ്ബാക്കാണ് എതിരാളികൾ. ബയേൺ ആദ്യ റൗണ്ടിൽ ബ്രെമറിനെ എതിരില്ലാത്ത പന്ത്രണ്ട് ഗോളിന് തകർത്തിരുന്നു. കൊവിഡ് ബാധിതനായ കോച്ച് ജൂലിയൻ നഗെൽസ്മാൻ ഇല്ലാതെയാവും ബയേൺ ഇറങ്ങുക. റോബർട്ട് ലെവൻഡോവ്സ്‌കി, തോമസ് മുള്ളർ, സെർജി ഗ്നാബ്രി, ജോഷ്വ കിമ്മിച്ച്, ലിയോൺ ഗോരെസ്‌ക എന്നിവർ ഉൾപ്പെട്ട ബേയണിനെ പിടിച്ചുകെട്ടുക ബൊറൂസ്യക്ക് എളുപ്പമാവില്ല. രാത്രി പന്ത്രണ്ടേകാലിന് ബൊറൂസ്യയുടെ മൈതാനത്താണ് മത്സരം.
ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ യുവന്‍റസ് ഇന്ന് സസൗളോയെ നേരിടും. രാത്രി പത്തിന് യുവന്‍റസ് മൈതാനത്താണ് മത്സരം. ഡിബാല, മൊറാട്ട, കിയേസ എന്നിവർ അണിനിരക്കുന്ന മുന്നേറ്റനിരയിലാണ് യുവന്‍റസിന്‍റെ പ്രതീക്ഷ. ഒൻപത് കളിയിൽ 15 പോയിന്‍റുള്ള യുവന്‍റസ് ലീഗിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ. 11 പോയിന്‍റുള്ള സസൗളോ പതിമൂന്നാം സ്ഥാനത്തും.
