ബാഴ്‌സലോണ: സ്‌പാനിഷ് ലീഗിൽ ബാഴ്‌സലോണയ്ക്ക് വമ്പൻ ജയം. സെവിയയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്‌സ തങ്ങളുടെ തട്ടകത്തില്‍ തകർത്തത്. എട്ട് മിനുറ്റുകൾക്കുള്ളിലാണ് ബാഴ്‌സ മൂന്ന് ഗോള്‍ സ്‌കോർ ചെയ്തത്. സുവാരസ്, മെസി, വിദാൽ, ഡെംബാലെ എന്നിവരാണ് ബാഴ്‌സക്കായി ഗോൾ നേടിയത്. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയായിരുന്നു മെസിയുടെ സീസണിലെ ആദ്യ ഗോള്‍. 

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് തിരിച്ചടി നേരിട്ടു. റയൽ വയ്യഡോലിഡിനെതിരെ അത്‌ലറ്റിക്കോ സമനില വഴങ്ങി. ഇരുടീമും ഗോളൊന്നും നേടിയില്ല. എട്ട് കളിയില്‍ 18 പോയിന്‍റുമായി റയൽ മാഡ്രിഡാണ് സീസണില്‍ ഒന്നാമത്. 16 പോയിന്‍റുള്ള ബാഴ്‌സ രണ്ടാമതുണ്ട്. 15 പോയിന്‍റുള്ള അത്‌ലറ്റിക്കോയാണ് മൂന്നാമത്. 

അതേസമയം ഇറ്റാലിയന്‍ ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ ഇന്‍റർമിലാന് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുവന്‍റസ് ഇന്‍റര്‍ മിലനെ പരാജയപ്പെടുത്തിയത്. ഡിബാലയും ഹിഗ്വയിനും യുവന്‍റസിനായി സ്‌കോർ ചെയ്തപ്പോൾ മാർട്ടിനെസിന്റെ വകയായിരുന്നു ഇന്‍ർമിലാന്റെ ആശ്വാസഗോൾ. ഈ വിജയത്തോടെ യുവന്റസ് ലീഗിൽ ഒന്നാമതെത്തി.